മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാതെ ഛത്തീസ്ഗഡിലെ സെഷന്‍സ് കോടതി; ഹര്‍ജി എന്‍ഐഎ കോടതിയിലേക്ക് മാറ്റി

മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാതെ ഛത്തീസ്ഗഡിലെ സെഷന്‍സ് കോടതി; ഹര്‍ജി എന്‍ഐഎ കോടതിയിലേക്ക് മാറ്റി

കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ കോടതിക്ക് മുന്നില്‍.

റായ്പൂര്‍: തീവ്രഹിന്ദുത്വ വാദികളായ ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ ഉന്നയിച്ച വ്യാജ ആരോപണത്തിന്റെ പേരില്‍ മത പരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാതെ ഛത്തീസ്ഗഡിലെ സെഷന്‍സ് കോടതി.

കേസ് പരിഗണിക്കാന്‍ അധികാരമില്ലെന്ന് വ്യക്തമാക്കിയാണ് കോടതിയുടെ നടപടി. അപേക്ഷ ബിലാസ്പൂര്‍ എന്‍ഐഎ കോടതിയിലേക്ക് മാറ്റി. ഇതോടെ കന്യാസ്ത്രീകള്‍ ജയിലില്‍ തുടരുമെന്ന് വ്യക്തമായി. കഴിഞ്ഞ അഞ്ച് ദിവസമായി മലയാളി കന്യാസ്ത്രീകളായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസും സിസ്റ്റര്‍ പ്രീതി മേരിയും ജയിലില്‍ തുടരുകയാണ്.

അതിനിടെ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തി. കോടതിക്ക് മുന്നില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഛത്തീസ്ഗഡ് സെഷന്‍സ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തിലായിരുന്നു കോടതിക്ക് മുന്നില്‍ പ്രതിഷേധവുമായി ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ എത്തിയത്.

പ്രാദേശിക നേതാവ് ജ്യോതി ശര്‍മയുള്‍പ്പെടെയുള്ള നേതാക്കള്‍ മുദ്രാവാക്യം വിളികളോടെയാണ് കോടതിക്ക് മുന്നിലെത്തിയത്. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുന്ന സമയത്ത് ജ്യോതി ശര്‍മയുടെ നേതൃത്വത്തില്‍ ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ അവരെ തടഞ്ഞു വെച്ച് ചോദ്യം ചെയ്യുന്നതുള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. യാതൊരു കാരണവശാലും കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കരുതെന്നാണ് ബജറംഗ്ദള്‍ പ്രവര്‍ത്തകരുടെ ആവശ്യം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.