മെൽബൺ: മെൽബണിലെ യഹൂദ സിനഗോഗ് 2024 ഡിസംബറിൽ തീവെച്ച കേസിൽ നേരിട്ട് പങ്കുള്ള യുവാവ് അറസ്റ്റിൽ. മെൽബണിലെ അഡാസ് ഇസ്രയേൽ സിനഗോഗിൽ തീവെയെപ്പ് നടത്തിയ മൂന്ന് പേരിൽ ഒരാളാണ് അറസ്റ്റിലായ 21കാരനെന്ന് തീവ്രവാദ വിരുദ്ധ പൊലീസ് പറഞ്ഞു.
“ഞങ്ങളുടെ അന്വേഷണം ഓസ്‌ട്രേലിയയിൽ മാത്രമായി ഒതുങ്ങുന്നില്ല. വിദേശത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു“- ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ ക്രിസ്സി ബാരറ്റ് പറഞ്ഞു.
“ഈ കുറ്റവാളികൾ വിക്ടോറിയയിലെ കുറ്റവാളികളുമായി ചേർന്ന് തീവയ്പ്പ് ആക്രമണം നടത്തിയതായി സംശയിക്കുന്നു. ആക്രമണത്തിനുള്ള പ്രചോദനം ഇപ്പോഴും വിലയിരുത്തപ്പെടുന്നുണ്ട്. സംഭവത്തിൽ കൂടുതൽ അറസ്റ്റ് നടത്താൻ പൊലീസിന് മേൽ സമ്മർദം വർധിച്ചു കൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകും.“- ക്രിസ്സി ബാരറ്റ് പറഞ്ഞു.
“സിനഗോഗ് തീവെയ്പ്പ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ഒരാളെ ജൂലൈയിൽ കാർ മോഷണ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. തീവയ്പ്പ് ആക്രമണം രാഷ്ട്രീയ പ്രേരിത കുറ്റകൃത്യമായി അന്വേഷിക്കുന്നത് തുടരുകയാണ്. “- ക്രിസ്സി ബാരറ്റ് കൂട്ടിച്ചേർത്തു.
അന്വേഷണത്തിൽ ഈ അറസ്റ്റ് ഒരു സുപ്രധാനമായ ഒരു ചുവടുവയ്പ്പാണ് എന്ന് വിക്ടോറിയ പോലീസ് ഡെപ്യൂട്ടി കമ്മീഷണർ വെൻഡി സ്റ്റീൻഡം പറഞ്ഞു. ഈ അന്വേഷണത്തിന്റെ ഭാഗമായി ഞങ്ങൾ ഇപ്പോൾ രണ്ട് പേർക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. തീവയ്പ്പ് ഉൾപ്പെടെയുള്ള നിരവധി കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 21 വയസുള്ള യുവാവിനെ ചോദ്യം ചെയ്യുമെന്നും വെൻഡി സ്റ്റീൻഡം കൂട്ടിച്ചേർത്തു.
തീപിടുത്തത്തിൽ ആരാധനാലയത്തിലെ മര ഉരുപ്പടികളും മതഗ്രന്ഥങ്ങളും കത്തിനശിച്ചിരുന്നു. 2023ല്‍ ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തിന് ശേഷം ഓസ്‌ട്രേലിയയില്‍ യഹൂദ വിരുദ്ധത വര്‍ധിക്കുന്നതില്‍ ആല്‍ബനീസി സര്‍ക്കാര്‍ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.