കീവ്: ഉക്രെയ്‌ൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ ആറ് വയസുകാരനുൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടു. 82 പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ചയാണ് റഷ്യ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയത്. മരണ സംഖ്യ ഇനിയും ഉയരാമെന്ന് അധികൃതർ അറിയിച്ചു.
പരിക്കേറ്റവരിൽ 12 പേർ കുട്ടികളാണെന്ന് മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ പറഞ്ഞു. ആഗസ്റ്റ് എട്ടിനകം വെടിനിർത്തണമെന്നാണ് കഴിഞ്ഞ ദിവസം ഡൊണാൾഡ് ട്രംപ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന് അന്ത്യശാസനം നൽകിയത്. അതിനിടെ തന്ത്രപ്രധാനമായ കിഴക്കൻ മേഖലയിലെ ഡോണെറ്റ്സ്കിൽ മലയോര പട്ടണമായ ചാസിവ് യാർ പിടിച്ചെടുത്തതായി റഷ്യ അവകാശപ്പെട്ടു.
കഴിഞ്ഞ ദിവസം ഉക്രെയ്നിലെ പരിശീലന കേന്ദ്രത്തിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. സൈനിക യൂണിറ്റിന്റെ പരിശീലന കേന്ദ്രത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണം തടയാൻ സുരക്ഷാ ക്രമീകരണങ്ങൾ ചെയ്‌തിരുന്നെങ്കിലും നാശനഷ്‌ടം പൂർണമായി തടയാൻ സാധിച്ചില്ലെന്ന് സൈന്യം അറിയിച്ചിരുന്നു.