വിശുദ്ധ ജോണ്‍ ഹെന്റി ന്യൂമാന്‍ സഭയുടെ വേദപാരംഗതരുടെ ​ഗണത്തിലേക്ക്

വിശുദ്ധ ജോണ്‍ ഹെന്റി ന്യൂമാന്‍ സഭയുടെ വേദപാരംഗതരുടെ ​ഗണത്തിലേക്ക്

വത്തിക്കാന്‍ സിറ്റി: വിശുദ്ധ ജോൺ ഹെൻറി ന്യൂമാനെ സഭയുടെ വേദപാരംഗതരുടെ ഗണത്തിലേക്ക് ഉയർത്താനുള്ള തീരുമാനം ലിയോ പതിനാലാമന്‍ മാര്‍പാപ്പ അംഗീകരിച്ചു. സാര്‍വത്രിക കത്തോലിക്ക സഭയുടെ 38-ാമത്തെ വേദപാരംഗതനായിരിക്കും വിശുദ്ധ ജോണ്‍ ഹെന്റി ന്യൂമാന്‍. ആംഗ്ലിക്കന്‍ സഭയിലെ പുരോഹിതനായതിന് ശേഷം കത്തോലിക്ക സഭയിലേക്ക് കടന്നുവന്ന് കര്‍ദിനാള്‍ പദവി വരെ ഹെന്റി ന്യൂമാൻ അലങ്കരിച്ചിരുന്നു.

സ്വന്തം ഗവേഷണത്തിലൂടെയോ പഠനത്തിലൂടെയോ എഴുത്തിലൂടെയോ ദൈവശാസ്ത്ര മേഖലയിലോ ആത്മീയ മേഖലയിലോ ഗണ്യമായ സംഭാവകള്‍ നല്‍കിയിട്ടുള്ള വിശുദ്ധര്‍ക്ക് നല്‍കുന്ന പ്രത്യേക പദവിയാണ് വേദപാരംഗ പദവി. വേദപാരംഗ പദവി നല്‍കാനുള്ള തീരുമാനം വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ് കര്‍ദിനാള്‍ മാര്‍സെല്ലോ സെമെറാരോയുമായുള്ള കൂടിക്കാഴ്ചയിലാണ് പാപ്പ അംഗീകരിച്ചത്.

സാർവത്രിക സഭയുടെ 2000 വര്‍ഷത്തെ ചരിത്രത്തില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 37 വിശുദ്ധര്‍ക്ക് മാത്രമേ ഡോക്ടര്‍ ഓഫ് ദി ചര്‍ച്ച് അഥവ വേദപാരംഗ പദവി നല്‍കിയിട്ടുള്ളൂ. വേദപാരംഗതനായി വിശുദ്ധ ന്യൂമാനെ പ്രഖ്യാപിക്കുന്നതിനുള്ള തീയതി വത്തിക്കാന്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

1801-ല്‍ ലണ്ടനില്‍ ജനിച്ച് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടില്‍ മാമ്മോദീസാ സ്വീകരിച്ച ന്യൂമാന്‍ ആ ദ്യകാലത്ത് പ്രശസ്തനും ആദരണീയനുമായ ഒരു ആംഗ്ലിക്കന്‍ പുരോഹിതനും ദൈവശാസ്ത്രജ്ഞനും എഴുത്തുകാരനുമായിരുന്നു. എന്നാല്‍ സത്യം തിരിച്ചറിഞ്ഞ് 1845-ല്‍ കത്തോലിക്ക സഭയിലേക്ക് തന്നെ സ്വീകരിക്കണമെന്ന് ഇംഗ്ലണ്ടില്‍ താമസിക്കുന്ന ഇറ്റാലിയന്‍ പാഷനിസ്റ്റ് വൈദികനായ വാഴ്ത്തപ്പെട്ട ഡൊമിനിക് ബാര്‍ബെറിയോട് അദേഹം ആവശ്യപ്പെട്ടു.

1847 ല്‍ കത്തോലിക്കാ വൈദികനായി അഭിഷിക്തനായ ന്യൂമാനെ 1879 ല്‍ ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ കര്‍ദിനാളായി നിയമിച്ചു. ഹൃദയം ഹൃദയത്തോട് സംസാരിക്കുന്നു എന്നതായിരുന്നു കര്‍ദിനാള്‍ ന്യൂമാന്‍റെ ആപ്തവാക്യം.

സുവിശേഷത്തില്‍ അധിഷ്ഠിതമായ ദൈവശാസ്ത്രത്തെക്കുറിച്ചുള്ള വിശാലമായ അറിവിന്റെയും ആധുനിക കാലത്തെക്കുറിച്ചുള്ള സൂക്ഷ്മമായ ഉള്‍ക്കാഴ്ചയുടെയും വെളിച്ചത്തില്‍ കര്‍ദിനാള്‍ ന്യൂമാന്‍ രചിച്ച 40 പുസ്തകങ്ങളും 20,000 ത്തിലധികം കത്തുകളും സഭയുടെ ദൈവ ശാസ്ത്ര വീക്ഷണങ്ങള്‍ കൂടുതല്‍ സമ്പന്നമാക്കി.

തന്റെ പ്രബോധനങ്ങളിലൂടെയും എഴുത്തുകളിലൂടെയും സഭയുടെ പ്രബോധനങ്ങളെ ആഴത്തില്‍ സ്വാധീനിച്ച കര്‍ദിനാള്‍ ന്യൂമാന്‍ 1890 ല്‍ ഇംഗ്ലണ്ടിലെ എഡ്ജ്ബാസ്റ്റണിലാണ് അന്തരിച്ചത്. 2010 സെപ്റ്റംബര്‍ 19 ന് ബെനഡിക്ട് പതിനാറാമന്‍ പാപ്പ അദേഹത്തെ വാഴ്ത്തപ്പെട്ടവനായും 2019 ഒക്ടോബര്‍ 13ന് ഫ്രാന്‍സിസ് മാർപാപ്പ വിശുദ്ധനായും പ്രഖ്യാപിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.