കേരളത്തിലും പുറത്തും ക്രൈസ്തവ സഭകളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയെയും കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു.
ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളികളായ ക്രൈസ്തവ സന്യാസിനികളുടെ ജാമ്യത്തിനായുള്ള നീക്കം നടക്കുന്നതിനിടെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയെ പാര്‍ലമെന്റിലേക്ക് വിളിപ്പിച്ച് അമിത് ഷാ ചര്‍ച്ച നടത്തി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറെയും ഡല്‍ഹിക്ക് വിളിപ്പിച്ചു.
ജയിലിലടയ്ക്കപ്പെട്ട സന്യാസിനിമാര്‍ക്ക് ജാമ്യം കിട്ടാനുള്ള എല്ലാ ഇടപെടലുകളും നടത്തിയെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രിയെ പാര്‍ലമെന്റിലെ തന്റെ ഓഫീസിലേക്ക് വിളിപ്പിച്ച് അമിത് ഷാ സംസാരിച്ചത്.
എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ചര്‍ച്ചയായി. ഇന്നലെ എംപിമാരെ കണ്ടതും സഭാ നേതൃത്വത്തിനടക്കം നല്‍കിയ ഉറപ്പും കൂടിക്കാഴ്ചയില്‍ അമിത് ഷാ ധരിപ്പിച്ചു. കേന്ദ്ര നിര്‍ദേശം പാലിച്ചാകും നടപടികളെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി എന്നാണ് വിവരം.
ഛത്തീസ്ഗഡില്‍ നടന്ന സംഭവ വികാസങ്ങളിലെ കടുത്ത അതൃപ്തി മുഖ്യമന്ത്രിയെ അമിത് ഷാ ധരിപ്പിച്ചു എന്ന സൂചനയും പുറത്തു വരുന്നുണ്ട്. ജാമ്യം നിക്ഷേധിച്ച കോടതിക്ക് പുറത്ത് ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദ പ്രകടനത്തില്‍ പ്രധാനമന്ത്രിയും കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു.
കേരളത്തിലും പുറത്തും ക്രൈസ്തവ സഭകളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയെയും കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു. അതിനിടെ തുടര്‍ച്ചയായ അഞ്ചാം ദിവസവും കന്യാസ്ത്രീകളുടെ അറസ്റ്റിലടക്കമുള്ള വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് നല്‍കിയ നോട്ടീസുകള്‍ സഭാധ്യക്ഷന്മാര്‍ തള്ളിയതോടെ ലോക്‌സഭയും രാജ്യസഭയും ഇന്നും സ്തംഭിച്ചു.