കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ: കേസ് ഡയറി ഹാജരാക്കാന്‍ ബിലാസ്പുര്‍ എന്‍ഐഎ കോടതിയുടെ നിര്‍ദേശം

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ: കേസ് ഡയറി ഹാജരാക്കാന്‍ ബിലാസ്പുര്‍ എന്‍ഐഎ കോടതിയുടെ നിര്‍ദേശം

സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ ജയിലില്‍ കഴിയുന്ന മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി ബിലാസ്പുര്‍ എന്‍ഐഎ കോടതി.

സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറോട് കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയ കോടതി, ഡയറി പരിശോധിച്ച ശേഷം ജാമ്യഹര്‍ജി പരിഗണിക്കുമെന്ന് വ്യക്തമാക്കി.

സ്വഭാവിക നിയമ നടപടികളുടെ ഭാഗമായിട്ടാണ് കേസ് ഡയറി ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് എന്‍ഐഎ കോടതിയുടെ പരിധിയില്‍ വരുന്നതാണോ, ജാമ്യം അനുവദിക്കാന്‍ സാധിക്കുമോ മുതലായ വിഷയങ്ങളില്‍ തീരുമാനം എടുക്കേണ്ടതിനാണ് കേസ് ഡയറി പരിശോധിക്കുന്നത്.

അതേസമയം സന്യാസിനികള്‍ക്ക് ഇന്നോ നാളെയോ ജാമ്യം ലഭിക്കാനുള്ള നടപടികള്‍ തുടങ്ങിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കേരളത്തില്‍ നിന്നുള്ള എംപിമാരെ അറിയിച്ചിരുന്നു. ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ്് സര്‍ക്കാര്‍ എതിര്‍ക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

കന്യാസ്ത്രീകള്‍ക്ക് എതിരായ കേസ് എന്‍ഐഎ കോടതിയിലേക്ക് വിടേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്ന് അമിത് ഷാ കേരളത്തില്‍ നിന്നുള്ള എംപിമാരോട് പറഞ്ഞു. എന്‍ഐഎ കോടതിയില്‍ നിന്ന് കേസ് വിടുതല്‍ ചെയ്യാനുള്ള അപേക്ഷ ഛത്തീസ്ഗഡ് സര്‍ക്കാര്‍ തന്നെ നല്‍കുമെന്നും അമിത് ഷാ എംപിമാര്‍ക്ക് ഉറപ്പ് നല്‍കി.

മനുഷ്യക്കടത്ത് അടക്കമുള്ള കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അതന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാരാണ് എന്‍ഐഎയെ സമീപിക്കേണ്ടത്. അങ്ങനെ ചെയ്യുമ്പോള്‍ കേസെടുക്കാന്‍ എന്‍ഐഎ ഡയറക്ടര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടണം. ആഭ്യന്തര മന്ത്രാലയമാണ് ഒരു കേസ് എന്‍ഐഎയ്ക്ക് നല്‍കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.