റായ്പൂർ: ബജ്റംഗ്ദൾ പ്രവർത്തകർക്കെതിരെ നിയമ നടപടിക്ക് കത്തോലിക്ക സന്യാസിനികൾക്കൊപ്പമുണ്ടായിരുന്ന പെൺകുട്ടികളുടെ കുടുംബം. ജ്യോതി ശർമക്കെതിരെ പൊലീസിൽ പരാതി നൽകും. ഭീഷണിപ്പെടുത്തൽ, കയ്യേറ്റം ചെയ്യൽ, തടഞ്ഞുവെക്കൽ എന്നിവ ഉന്നയിച്ചാകും പരാതി കൊടുക്കുക.
മൊഴിയെടുത്ത ശേഷം പൊലീസ് വിട്ടയച്ച യുവതികൾ ഇപ്പോൾ നാരായൺപൂരിലാണുള്ളത്. നിര്‍ബന്ധിത മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കന്യാസ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തത്.
എന്നാൽ കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ തന്നെ നിർബന്ധിപ്പിച്ചത് ബജ്റംഗ്ദൾ നേതാവാണെന്നും ജ്യോതി ശർമ എന്ന നേതാവ് തന്നെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും 21കാരിയായ ആദിവാസി യുവതി കമലേശ്വരി പ്രഥാൻ കന്യാസ്ത്രീയ്ക്ക് അനുകൂലമായി വെളിപ്പെടുത്തൽ നടത്തിയതോടെ ഇരുവരുടെയും നിരപരാധിത്വം തെളിയിക്കപ്പെടുകയായിരുന്നു.
ബജ്റംഗ്ദൾ പ്രവർത്തകർ പറഞ്ഞത് പ്രകാരമാണ് കേസെടുക്കാൻ പൊലീസ് തയ്യാറായതെന്നും പെൺകുട്ടി മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയിരുന്നു.