റായ്പൂർ: അറസ്റ്റിലായ മലയാളി കത്തോലിക്ക സന്യാസിനികൾ ജയിൽ മോചിതരായി. ഒന്‍പത് ദിവസത്തെ നിയമ പോരാട്ടത്തിന് ഒടുവിലാണ് സിസ്റ്റർ വന്ദന ഫ്രാൻസിസിനും സിസ്റ്റർ പ്രീതി മേരിക്കും ബിലാസ്പൂർ എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചത്.
വിവിധ പാർട്ടി നേതാക്കളും മദർ സുപ്പീരിയർ അടക്കമുള്ള സഭാ നേതാക്കളും കന്യാസ്ത്രീകളെ സ്വീകരിക്കാൻ ജയിലിന് മുന്നിലെത്തിയിരുന്നു. പൊലീസ് സംരക്ഷണത്തിൽ സന്യാസിനികൾ മദര്‍ സുപ്പീരിയറിനോടൊപ്പം മഠത്തിലേക്ക് പോയി.
നിർണായക നിരീക്ഷണങ്ങളോടെയാണ് കന്യാസ്ത്രീകൾക്ക് എൻഐഎ കോടതി ജാമ്യം അനുവദിച്ചത്. കന്യാസ്ത്രീകൾ ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തവരാണ്. മനുഷ്യ കടത്തിനോ മത പരിവർത്തനത്തിനോ അല്ല ഇരുവരും എത്തിയത്. ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടികൾ പണ്ടേ ക്രിസ്ത്യാനികളാണെന്നും കോടതി വ്യക്തമാക്കി.
കന്യാസ്ത്രീകളുടെ അറസ്റ്റിന് ആധാരമായ എഫ്ഐആറിലെ ആരോപണങ്ങള്‍ വ്യാജവും അടിസ്ഥാനരഹിതവുമാണെന്നും ജാമ്യ ഉത്തരവില്‍ എന്‍ഐഎ കോടതി വ്യക്തമാക്കി.
ആരോപണവിധേയരായ രണ്ട് സന്യാസിനികളും ഭോപ്പാല്‍ ആസ്ഥാനമായുള്ള പ്രൊവിന്‍ഷ്യല്‍ സൂപ്പീരിയറിന്റെ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലുമുള്ള പ്രൊവിന്‍ഷ്യേറ്റിനൊപ്പം മാനവികതയ്ക്കും സാമുഹ്യ സേവനത്തിനും സമര്‍പ്പിക്കപ്പെട്ടവരാണ്. ഇവർക്കൊപ്പം റെയില്‍വേ സ്റ്റേഷനില്‍ കണ്ട മൂന്ന് പെണ്‍കുട്ടികളും പ്രായപൂര്‍ത്തിയായവരാണ്.
സ്വന്തം ഇഷ്ടപ്രകാരമാണ് ആഗ്രയിലേക്ക് യാത്ര ചെയ്തത്. എല്ലാവരും ക്രിസ്തീയ വിശ്വാസികളാണ്. അതിനാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന ആരോപണം തികച്ചും വ്യാജവും അടിസ്ഥാനരഹിതവുമാണ്. ബിഎന്‍ സെക്ഷന്‍ 143 പ്രകാരം ഏതെങ്കിലും തരത്തിലുള്ള തെറ്റുകള്‍ ചെയ്തിട്ടില്ല. കുറ്റകൃത്യം നിലനില്‍ക്കുമോ എന്ന് വിചാരണ വേളയില്‍ പരിശോധിക്കട്ടെയെന്നും കോടതി ജാമ്യ ഉത്തരവില്‍ പറയുന്നു.