കന്യാസ്ത്രീകള്‍ക്കെതിരായ കള്ളക്കേസ് റദ്ദാക്കണമെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത്; വൈകിയാണെങ്കിലും നീതി ലഭിച്ചെന്ന് മാർ ജോസഫ് പാംപ്ലാനി

കന്യാസ്ത്രീകള്‍ക്കെതിരായ കള്ളക്കേസ് റദ്ദാക്കണമെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത്; വൈകിയാണെങ്കിലും നീതി ലഭിച്ചെന്ന് മാർ ജോസഫ് പാംപ്ലാനി

കൊച്ചി : ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചത് ആശ്വാസമാണെന്നും എന്നാൽ അവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് കള്ളക്കേസാണെന്നും അത് റദ്ദാക്കണമെന്നും തൃശൂര്‍ അതിരൂപതാ മെത്രോപ്പോലീത്തയും സിബിസിഐ അധ്യക്ഷനുമായി മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ക്രൈസ്തവരായ യുവതികളെ ആശുപത്രിയിൽ ജോലിയ്ക്ക് കൊണ്ടുപോയ കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കുകയായിരുന്നു.

വൈകിയാണെങ്കിലും നീതി ലഭിച്ചെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞ വാക്ക് പാലിച്ചെന്നും തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കാര്യമായി ഇടപെടൽ കേന്ദ്രസർക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായി. സഭയ്ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളില്ല. തെറ്റ് പറ്റിയെങ്കിലും അത് തിരുത്താൻ കാണിച്ച ആർജവത്തെ അംഗീകരിക്കുന്നെന്നും മാർ ജോസഫ് പാംപ്ലാനി കൂട്ടിച്ചേർത്തു

ഒമ്പതു ദിവസത്തെ അന്യായ തടങ്കലിന് ശേഷം കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത് ആശ്വാസകരമാണെന്ന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയൻ ബാവ പറഞ്ഞു. ന്യായവിസ്താര സമയത്ത് അവനെ ക്രൂശിക്ക.. ക്രൂശിക്ക എന്ന് ആർത്ത് അട്ടഹസിച്ച കൂട്ടർക്ക് സമരായവർ ഇപ്പോഴും സ്വതന്ത്രരായി പുറത്ത് നിൽക്കുകയാണ്.

കന്യാസ്ത്രീകളെ തടഞ്ഞുവെക്കുകയും പരസ്യ വിചാരണ നടത്തി ആക്രമിക്കുകയും ചെയ്ത തീവ്രമത വാദികൾക്കെതിരെ കേസെടുക്കാൻ ഛത്തീസ്ഗഡ് സർക്കാർ തയാറാകണം. അല്ലാത്തപക്ഷം മതസ്വാതന്ത്ര്യത്തെയും പൗരസ്വാതന്ത്ര്യത്തെയും വിചാരണ ചെയ്യാൻ അവർ വീണ്ടും രംഗത്തിറങ്ങുമെന്നും മാർത്തോമ്മാ മാത്യൂസ് തൃതീയൻ പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.