കത്തോലിക്കരായ സന്യാസിനികളുടെ അറസ്റ്റ് ക്രിസ്തീയ സമൂഹത്തെ ആഴത്തിൽ മുറിപ്പെടുത്തുന്നത്; അപലപിച്ച് മെൽബൺ സീറോ മലബാർ രൂപത

കത്തോലിക്കരായ സന്യാസിനികളുടെ അറസ്റ്റ് ക്രിസ്തീയ സമൂഹത്തെ ആഴത്തിൽ മുറിപ്പെടുത്തുന്നത്; അപലപിച്ച് മെൽബൺ സീറോ മലബാർ രൂപത

മെൽബൺ: കത്തോലിക്കരായ സന്യാസിനികളെ അകാരണമായി അറസ്റ്റ് ചെയ്ത് ജയിലിലടച്ച നടപടിയെ അപലപിച്ച് മെൽബൺ സീറോ മലബാർ രൂപത.

കൃസ്ത്യാനികൾക്കെതിരെ രാജ്യത്ത് വ്യാപകമായി നടക്കുന്ന അക്രമ സംഭവങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണ് ഇത്. പ്രാർത്ഥനയ്ക്കും സാമൂഹ്യ സേവനത്തിനും വിദ്യാഭ്യാസത്തിനുമായി ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുന്നവരായ കന്യാസ്ത്രീകൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾ മനുഷ്യന്റെ അന്തസിന് നേരെയും മതസ്വാതന്ത്ര്യത്തിന് എതിരെയുമുള്ള കടന്നു കയറ്റമാണെന്ന് രൂപത വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

ദരിദ്രരും നിരാലംബരുമായവരെ അത്യന്തം എളിമയോടും അനുകമ്പയോടുമാണ് നമ്മുടെ കന്യാസ്ത്രീകൾ ശുശ്രൂഷിക്കുന്നത്. അവരെ അറസ്റ്റ് ചെയ്തത് നിയമ വിരുദ്ധം മാത്രമല്ല, ക്രിസ്തീയ സമൂഹത്തെ ആഴത്തിൽ മുറിപ്പെടുത്തുന്നതുമാണ്. നീതിപൂർവ്വം പ്രവർത്തിക്കാനും മുഴുവൻ ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്താനും ഭരണാധികാരികൾക്ക് ബാധ്യതയുണ്ടെന്ന് മെൽബൺ രൂപത ബിഷപ്പ് മാർ ജോൺ പനംതോട്ടത്തിൽ സിഎംഐ പറഞ്ഞു.

സംഭവത്തിൽ സമ​ഗ്രമായ അന്വേഷണം നടത്തി നീതി ഉറപ്പുവരുത്തണമെന്ന് ഇന്ത്യൻ സർക്കാരിനോടും ഛത്തീസ്ഗഡ് സംസ്ഥാന സർക്കാരിനോടും മെൽബൺ രൂപത അഭ്യർത്ഥിച്ചു.

അപലപിച്ച് കത്തോലിക്ക കോൺ​ഗ്രസ്

കള്ളക്കേസ് ചമച്ച് സന്യാസിനിമാരെ അറസ്റ്റ് ചെയ്ത സംഭവത്തെ സൗത്ത് ഓസ്ട്രേലിയൻ കത്തോലിക്കാ കോൺഗ്രസും അപലപിച്ചു. ഇവരുടെ പേരിലുള്ള എല്ലാ വ്യാജ കേസുകളും റദ്ധാക്കണമെന്നും അക്രമണത്തിന് നേതൃത്വം നൽകിയവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും സൗത്ത് ഓസ്ട്രേലിയൻ കത്തോലിക്കാ കോൺഗ്രസ് ആവശ്യപ്പെട്ടു. കത്തോലിക കോൺഗ്രസ് സൗത്ത് ഓസ്ട്രേലിയ ഡയറക്റ്റർ ഡോക്ടർ സിബി പുളിക്കൽ പ്രാർത്ഥന യജ്ഞത്തിന് നേതൃത്വം നൽകി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.