റായ്പൂര്‍: ഛത്തീസ്ഗഡില്‍ മലയാളി ക്രൈസ്തവ സന്യാസിനികള്‍ അറസ്റ്റിലായ സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സന്യാസിനികള്‍ക്കൊപ്പമുണ്ടായിരുന്ന യുവതികളില്‍ ഒരാള്‍.
കന്യാസ്ത്രീകള്‍ക്കെതിരെ പൊലീസ് ബലമായി മൊഴി ഒപ്പിട്ട് വാങ്ങിയെന്ന് കമലേശ്വരി പ്രധാന്‍ എന്ന യുവതി വെളിപ്പെടുത്തി. ആരുടെയും നിര്‍ബന്ധപ്രകാരമല്ല ആഗ്രയിലേക്ക് പോകാനിറങ്ങിയതെന്നും താനും സുഹൃത്തുക്കളും ആത്മഹത്യയുടെ വക്കിലാണെന്നും യുവതി പറഞ്ഞു.
ബജ്‌റംഗദള്‍ പ്രാദേശിക നേതാവ് ജ്യോതി ശര്‍മ അടക്കം തന്നെ മര്‍ദ്ദിച്ചു. ജാതി പറഞ്ഞും അധിക്ഷേപിച്ചു. വലിയ സമ്മര്‍ദ്ദം ചെലുത്തിയാണ് കന്യാസ്ത്രീകള്‍ക്കെതിരെ പൊലീസ് ബലമായി മൊഴിയില്‍ ഒപ്പിട്ടു വാങ്ങിയത്. വീട്ടിലെ സാഹചര്യം കൊണ്ട് സ്വന്തം ഇഷ്ടപ്രകാരമാണ് ജോലിക്ക് പോയതെന്നും കമലേശ്വരി വ്യക്തമാക്കി.
ജ്യോതി ശര്‍മയ്‌ക്കെതിരെ അടക്കം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് കേസെടുക്കുമോ എന്ന കാര്യം അറിയില്ല. വലിയ പ്രതിസന്ധിയിലൂടെയാണ് ജീവിതം കടന്നു പോകുന്നതെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.