ചെങ്കോട്ടയില്‍ അനധികൃതമായി കടക്കാന്‍ ശ്രമിച്ച അഞ്ച് ബംഗ്ലാദേശി യുവാക്കള്‍ അറസ്റ്റില്‍

ചെങ്കോട്ടയില്‍ അനധികൃതമായി കടക്കാന്‍ ശ്രമിച്ച അഞ്ച് ബംഗ്ലാദേശി യുവാക്കള്‍  അറസ്റ്റില്‍

ന്യൂഡല്‍ഹി: ചെങ്കോട്ടയില്‍ അനധികൃതമായി കടക്കാന്‍ ശ്രമിച്ച അഞ്ച് ബംഗ്ലാദേശി യുവാക്കളെ ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്തു.ഇരുപതിനും ഇരുപത്തഞ്ചിനും ഇടയില്‍ പ്രായമുള്ളവരാണ് അറസ്റ്റിലായത്.

ഇവരില്‍ നിന്ന് ബംഗ്ലാദേശ് പൗരത്വം തെളിയിക്കുന്ന രേഖകള്‍ കണ്ടെത്തി. പിടിയിലായ യുവാക്കളെ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് വ്യക്തമാക്കി. ഇവര്‍ കുറച്ചുകാലമായി നഗരത്തില്‍ വിവിധ ജോലികള്‍ ചെയ്തു ജീവിക്കുകയായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

അതിനിടെ ഹരിയാനയില്‍ അനധികൃതമായി താമസിച്ചിരുന്ന പത്ത് ബംഗ്ലാദേശി പൗരന്മാര്‍ അറസ്റ്റിലായി. ഗുരുഗ്രാം പൊലീസ് കഴിഞ്ഞ ശനിയാഴ്ചയാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് ബംഗ്ലാദേശ് പൗരത്വം തെളിയിക്കുന്ന രേഖകള്‍ കണ്ടെടുത്തു.

അതേസമയം ചെങ്കോട്ടയില്‍ സുരക്ഷാ പരിശീലനത്തിനിടെ ഡമ്മി ബോംബ് കണ്ടെത്താനാകാതെ പോയതിനെ തുടര്‍ന്ന് ഏഴ് ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ചെങ്കോട്ടയുടെ സുരക്ഷയ്ക്കായി വിന്യസിച്ചിരുന്ന പൊലീസുകാര്‍ക്കെതിരെയാണ് നടപടി.

ഓഗസ്റ്റ് 15 ന് നടക്കാനിരിക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി ഡല്‍ഹി പൊലീസ് നടത്തിയ മോക ്ഡ്രില്ലിനിടെയാണ് സംഭവം. ഡ്രില്ലിന്റെ ഭാഗമായി സിവില്‍ ഡ്രസില്‍ ഒരാള്‍ ഡമ്മി ബോംബുമായി ചെങ്കോട്ട പരിസരത്ത് പ്രവേശിച്ചു. എന്നാല്‍ സുരക്ഷയ്ക്കായി വിന്യസിച്ചിരുന്ന പൊലീസുകാര്‍ക്ക് ബോംബ് കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍, കോണ്‍സ്റ്റബിള്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.