ഔദ്യോഗിക വസതിയില്‍ നിന്ന് നോട്ടു കെട്ടുകള്‍ കണ്ടെടുത്ത കേസ്: ജസ്റ്റിസ് യശ്വന്ത് വര്‍മയ്ക്ക് തിരിച്ചടി; ഹര്‍ജി തള്ളി സുപ്രീം കോടതി

ഔദ്യോഗിക വസതിയില്‍ നിന്ന് നോട്ടു കെട്ടുകള്‍ കണ്ടെടുത്ത കേസ്: ജസ്റ്റിസ് യശ്വന്ത് വര്‍മയ്ക്ക് തിരിച്ചടി; ഹര്‍ജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: ഔദ്യോഗിക വസതിയില്‍ നിന്ന് നോട്ടു കെട്ടുകള്‍ കണ്ടെത്തിയ കേസില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മയ്ക്ക് തിരിച്ചടി. ആഭ്യന്തര അന്വേഷണ സമിതി റിപ്പോര്‍ട്ടിനെതിരെ നല്‍കിയ ഹര്‍ജി തള്ളി സുപ്രീം കോടതി. ജസ്റ്റിസ് ദിപീങ്കര്‍ ദത്ത, എജി മാസി എന്നവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. യശ്വന്ത് വര്‍മയുടെ മൗലിക അവകാശങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ലെന്നും അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കേണ്ട ആവശ്യമില്ല എന്നും സുപ്രീം കോടതി വ്യക്തമാക്കി.

നോട്ടു കെട്ടുകള്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് ആഭ്യന്തര അന്വേഷണ സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ഈ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നായിരുന്നു യശ്വന്ത് വര്‍മയുടെ ഹര്‍ജി. ജൂലൈ 18നാണ് യശ്വന്ത് വര്‍മ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

എന്നാല്‍ ആഭ്യന്തര സമിതിയുടെ അന്വേഷണം സമാന്തര നിയമ സംവിധാനമല്ല, ആഭ്യന്തര സമിതി അന്വേഷിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത് എന്നും സുപ്രീം കോടതി വ്യക്തമാക്കി. വീട്ടില്‍ നിന്നും കണക്കില്‍പ്പെടാത്ത സ്വത്ത് കണ്ടെടുത്ത സംഭവത്തില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടത്. യശ്വന്ത് വര്‍മയെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു.

ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരിക്കേ ഔദ്യോഗിക വസതിയില്‍ അനധികൃത പണം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജസ്റ്റിസ് യശ്വന്ത് ശര്‍മ സംശയത്തിന്റെ നിഴലിലായത്. തുടര്‍ന്ന് യശ്വന്ത് വര്‍മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി. പണം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണത്തിനായി സുപ്രീം കോടതി മൂന്നംഗ ജുഡീഷ്യല്‍ സമിതിയെ നിയോഗിച്ചിരുന്നു.

യശ്വന്ത് വര്‍മയുടെ വസതിയിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്‌നിശമന സേനാംഗങ്ങളാണ് പണം കണ്ടെത്തിയത്. കത്തിയമര്‍ന്ന നിലയില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയ വീഡിയോ കണ്ട് ഞെട്ടിയെന്നും അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണിതെന്നുമാണ് ജസ്റ്റിസ് വര്‍മയുടെ വാദം. മാര്‍ച്ച് 14 ന് രാത്രി യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടിത്തത്തിനിടെയാണ് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.