'തീരുവ തര്‍ക്കത്തില്‍ പരിഹാരമാകും വരെ ഇന്ത്യയുമായി വ്യാപാര ചര്‍ച്ചയുമില്ല'; നിലപാട് കടുപ്പിച്ച് ട്രംപ്

'തീരുവ തര്‍ക്കത്തില്‍ പരിഹാരമാകും വരെ ഇന്ത്യയുമായി വ്യാപാര ചര്‍ച്ചയുമില്ല'; നിലപാട് കടുപ്പിച്ച് ട്രംപ്

വാഷിങ്ടൺ ഡിസി: ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾക്ക് സാധ്യതയില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഇറക്കുമതി തീരുവ സംബന്ധിച്ച പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുന്നതുവരെ ചര്‍ച്ചയുണ്ടാകില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. നിലവിൽ അമേരിക്ക ഇന്ത്യയ്ക്ക് മേൽ 50 ശതമാനം തീരുവ ചുമത്തിയിട്ടുണ്ട്. ഇതിൽ പകുതി വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ബാക്കി പകുതി റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതിന് പിഴയായി ചുമത്തിയിട്ടുണ്ട്. ഓ​ഗസ്റ്റ് 27 മുതൽ പ്രാബല്യത്തിൽ വരും.

50 ശതമാനം തീരുവ പ്രഖ്യാപിച്ചതിന് ശേഷം ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ എന്ന് ഒരു മാധ്യമപ്രവര്‍ത്തകൻ ചോദിച്ചപ്പോൾ "ഇല്ല, അത് പരിഹരിക്കുന്നതുവരെ വേണ്ട" ട്രംപ് തോളിൽ തട്ടി പറഞ്ഞു.

റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിനെതിരെയായിരുന്നു നേരത്തെ 25 ശതമാനമുണ്ടായിരുന്ന തീരുവ 50 ശതമാനമാക്കി ഉയർത്തിയത്. 'ഇന്ത്യാ ഗവൺമെന്റ് നിലവിൽ നേരിട്ടോ അല്ലാതെയോ റഷ്യൻ ഫെഡറേഷന്റെ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് ഞാൻ മനസുലാക്കുന്നു. അതനുസരിച്ച് ബാധകമായ നിയമത്തിന് അനുസൃതമായി യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ കസ്റ്റംസ് പ്രദേശത്തേക്ക് ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ വസ്തുക്കൾക്ക് 25 ശതമാനം അധിക തീരുവ നിരക്ക് ബാധകമായിരിക്കും.' എന്നായിരുന്നു ഉത്തരവ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.