ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യ ആറ് പാക് വിമാനങ്ങള്‍ തകര്‍ത്തെന്ന് വ്യോമസേന മേധാവി

ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യ ആറ് പാക് വിമാനങ്ങള്‍ തകര്‍ത്തെന്ന് വ്യോമസേന മേധാവി

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനിടെ അഞ്ച് യുദ്ധ വിമാനങ്ങളക്കം പാകിസ്ഥാന്റെ ആറ് വിമാനങ്ങള്‍ ഇന്ത്യ തകര്‍ത്തതായി വ്യോമസേന മേധാവി എയര്‍ മാര്‍ഷല്‍ എ.പി. സിങ്.

അഞ്ച് യുദ്ധ വിമാനങ്ങള്‍ കൂടാതെ പാകിസ്ഥാന്റെ ഒരു വ്യോമാക്രമണ മുന്നറിയിപ്പ് വിമാനമാണ് തകര്‍ത്തതെന്ന് ഐഎഎഫ് മേധാവി പറഞ്ഞു. ഇന്ത്യയുടെ ആക്രമണത്തില്‍ പാകിസ്ഥാന് സംഭവിച്ച നാശ നഷ്ടങ്ങളുടെ കണക്ക് സംബന്ധിച്ച് വ്യോമ സേനയുടെ ഉന്നത റാങ്കില്‍ നിന്നുള്ള ആദ്യ സ്ഥിരീകരണമാണിത്.

ബംഗളൂരുവില്‍ നടന്ന ഒരു പരിപാടിയിലാണ് വ്യോമസേനാ മേധാവിയുടെ വെളിപ്പെടുത്തല്‍. ഇന്ത്യയുടെ കൈവശമുള്ള റഷ്യയുടെ എസ് 400 വ്യോമ പ്രതിരോധ സംവിധാനമാണ് പാക് വിമാനങ്ങളെ തകര്‍ത്തതെന്നും അദേഹം വ്യക്തമാക്കി.

പാകിസ്ഥാന്റെ ആറ് വിമാനങ്ങള്‍ ആകാശത്ത് വെച്ച് തകര്‍ത്തത് കൂടാതെ അവരുടെ രണ്ടോ അധിലധികമോ യുദ്ധ വിമാനങ്ങള്‍ നിലത്ത് വെച്ച് തകര്‍ത്തിട്ടുണ്ടെന്നാണ് വിവരം. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണങ്ങള്‍ക്ക് മുമ്പും ശേഷവുമുള്ള സാറ്റലൈറ്റ് ചിത്രങ്ങളും എയര്‍ഫോഴ്സ് മേധാവി ചടങ്ങില്‍ പങ്കുവെച്ചു.

ജയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന പാകിസ്ഥാനിലെ ബഹവല്‍പൂര്‍ ക്യാമ്പിന് നേരെ നടത്തിയ ആക്രമണത്തില്‍ സമീപത്തുള്ള കെട്ടിടങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും എ.പി. സിങ് ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടി വ്യക്തമാക്കി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.