നാഗ്പൂര്‍: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് രണ്ട് പേര്‍ തന്നെ സമീപിച്ചിരുന്നുവെന്നും 288 സീറ്റുകളില്‍ 160 സീറ്റുകള്‍ തങ്ങള്‍ക്ക് ഉറപ്പ് നല്‍കുമെന്ന് അവകാശപ്പെട്ടിരുന്നുവെന്നും എന്‍സിപി മേധാവി ശരദ് പവാര്‍.
നാഗ്പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദേഹം ഈ വെളിപ്പെടുത്തല്‍ നടത്തിയത്. എന്നാല്‍ വാഗ്ദാനവുമായി എത്തിയത് ആരാണെന്ന് പവാര്‍ വെളിപ്പെടുത്തിയില്ല.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി ഇവര്‍ക്ക് ഒരു കൂടിക്കാഴ്ചയ്ക്ക് താന്‍ സൗകര്യമൊരുക്കിയതായി പവാര്‍ പറഞ്ഞു. എന്നാല്‍ 'ഇത് ഞങ്ങളുടെ വഴിയല്ല' എന്ന് അവരോട് വ്യക്തമാക്കിയെന്നും വാഗ്ദാനം രാഹുല്‍ നിരസിച്ചെന്നും ശരദ് പവര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വോട്ടിങ് ക്രമക്കേട് രാഹുല്‍ ഗാന്ധി ഉന്നയിച്ചതിന് പിന്നാലെയാണ് പവാറിന്റെ ഈ വെളിപ്പെടുത്തല്‍ എന്നതും ശ്രദ്ധേയം.
'ഞങ്ങള്‍ അതിന് ആവശ്യമായ ശ്രദ്ധ നല്‍കിയില്ല. പക്ഷേ, നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് ഡല്‍ഹിയില്‍ എന്നെ കാണാന്‍ രണ്ടുപേര്‍ വന്നതായി എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. മഹാരാഷ്ട്രയില്‍ 288 നിയമസഭാ സീറ്റുകളുണ്ടെന്നും അതില്‍ നിന്ന് 160 സീറ്റുകള്‍ ഞങ്ങള്‍ക്ക് ഉറപ്പു നല്‍കുമെന്നും അവര്‍ എന്നോട് പറഞ്ഞു. ഞാന്‍ അത്ഭുതപ്പെട്ടുപോയി'- ശരദ് പവാര്‍ പറഞ്ഞു.
വ്യക്തമായി പറഞ്ഞാല്‍, അവര്‍ അത്തരമൊരു ഉറപ്പ് അവകാശപ്പെട്ടിരുന്നെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ച് എനിക്ക് യാതൊരു സംശയവുമില്ലായിരുന്നു. അത്തരം ആളുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. അതിനാല്‍ താന്‍ അവരെ അവഗണിക്കുകയായിരുന്നുവെന്നും അദേഹം വ്യക്തമാക്കി.
പോളിങ് ക്രമക്കേടുകളെക്കുറിച്ച് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലിനെ പവാര്‍ പ്രശംസിക്കുകയും അദേഹത്തില്‍ നിന്ന് പ്രത്യേക സത്യവാങ്മൂലം ആവശ്യപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിക്കുകയും ചെയ്തു.
സത്യം പുറത്തു വരണം. അതിനാല്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ ആഴത്തില്‍ അന്വേഷിക്കേണ്ടതുണ്ട്. ബിജെപി നേതാക്കളില്‍ നിന്നുള്ള പ്രതികരണമല്ല വേണ്ടത്. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നാണ് തങ്ങള്‍ക്ക് ഉത്തരം കിട്ടേണ്ടതെന്നും എന്‍സിപി നേതാവ് പറഞ്ഞു.