വാഷിങ്ടണ്‍ ഡിസി: ഇന്ത്യയ്ക്കെതിരെ ആണവായുധ ഭീഷണിയുമായി പാകിസ്ഥാന്‍ കരസേനാ മേധാവി ഫീല്‍ഡ് മാർഷല്‍ അസിം മുനീർ. സിന്ധു നദി ഇന്ത്യയുടെ സ്വത്തല്ലെന്നും അണക്കെട്ട് നിർമിച്ചാൽ തകർക്കുമെന്നുമാണ് ഭീഷണി. പാകിസ്ഥാന്‍ മുങ്ങിത്താഴുകയാണെന്ന് തോന്നിയാൽ ലോകത്തിൻ്റെ പകുതിയും നശിപ്പിക്കുമെന്നും അസിം മുന്നറിയിപ്പ് നല്‍കി.
പാകിസ്ഥാൻ ആണവ രാഷ്ട്രമാണ്. പാകിസ്ഥാൻ തകർന്നാൽ ലോകത്തിൻ്റെ പകുതിയും ഒപ്പം തകർക്കും. ഇന്ത്യ സിന്ധു നദിയിൽ അണക്കെട്ട് പണിതാൽ പൂർത്തിയായ ഉടൻ മിസൈൽ അയച്ച് തകർക്കും. സിന്ധു നദി ഇന്ത്യക്കാരുടെ സ്വന്തമല്ലെന്നും അസിം മുനീർ പറഞ്ഞു.
യുനൈറ്റഡ് സ്റ്റേറ്റ്സ് സെൻട്രൽ കമാൻഡിൻ്റെ സ്ഥാനമൊഴിയുന്ന കമാൻഡർ ജനറൽ മൈക്കിൾ കുറില്ലയുടെ വിരമിക്കൽ ചടങ്ങിൽ പങ്കെടുക്കാനാണ് അസിം മുനീർ യുഎസിൽ എത്തിയത്.
കാശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയം അല്ല. കാശ്മീർ പാകിസ്ഥാൻ്റെ ജീവനാഡിയാണെന്നും അസിം മുനീർ പറഞ്ഞു. ഇന്ത്യയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ ഭീകര പ്രവർത്തനങ്ങളുണ്ടെന്ന് സ്ഥാപിക്കാനും അസിം മുനീർ ശ്രമിച്ചു. കാനഡയിലെ ഖാലിസ്ഥാന്‍ നേതാവിന്റെ കൊലപാതകം, ഖത്തറിലെ എട്ട് ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരുടെ അറസ്റ്റ്, കുൽഭൂഷൺ ജാദവ് കേസ് എന്നിവയെക്കുറിച്ച് പരമാർശിച്ചാണ് അന്താരാഷ്ട്ര തലത്തിൽ ഭീകരതയിൽ ഇന്ത്യ പങ്കാളിയാണെന്ന് അസിം മുനീർ ആരോപിച്ചത്.
മുനീറിന്റെ രണ്ടാം അമേരിക്കൻ സന്ദർശനമാണിത്. മുതിർന്ന യുഎസ് രാഷ്ട്രീയ, സൈനിക വ്യക്തികളുമായും പാകിസ്ഥാൻ പ്രവാസി സമൂഹത്തിലെ അംഗങ്ങളുമായും മുനീർ കൂടിക്കാഴ്ച നടത്തി. ഓപ്പറേഷന്‍ സന്ദൂറില്‍ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ തകർത്തതിന് പിന്നാലെയായിരുന്നു അസിം മുനീറിന്റെ ആദ്യ യുഎസ് സന്ദർശനം.