ഇരട്ട വോട്ടര്‍ ഐഡിയില്‍ കുടുങ്ങി ബിഹാര്‍ ഉപമുഖ്യമന്ത്രി; നടപടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍; നോട്ടീസ് അയച്ചു

ഇരട്ട വോട്ടര്‍ ഐഡിയില്‍ കുടുങ്ങി ബിഹാര്‍ ഉപമുഖ്യമന്ത്രി; നടപടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍; നോട്ടീസ് അയച്ചു

പട്ന: രണ്ട് വോട്ടര്‍ ഐഡി കാര്‍ഡുകള്‍ കൈവശം വച്ചതിനും രണ്ടിടത്ത് വോട്ടറായി രജിസ്റ്റര്‍ ചെയ്തതിനും ബിഹാര്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ വിജയ് കുമാര്‍ സിന്‍ഹയ്ക്ക് നോട്ടീസ് നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വ്യാജ വോട്ടര്‍മാരെച്ചൊല്ലിയുള്ള വലിയ രാഷ്ട്രീയ വിവാദത്തിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

ബിഹാര്‍ കോണ്‍ഗ്രസ് മേധാവി രാജേഷ് കുമാറാണ് വിജയ് കുമാര്‍ സിന്‍ഹയ്ക്ക് രണ്ടിടങ്ങളില്‍ വോട്ടുള്ളതായി വിവരം പങ്കുവെച്ചത്. ശനിയാഴ്ച എക്സിലെ ഒരു പോസ്റ്റില്‍ വിജയ്കുമാര്‍ സിന്‍ഹയുടെ നിയമസഭാ സീറ്റായ ലഖിസരായ്, പട്നയിലെ ബങ്കിപൂര്‍ എന്നിവിടങ്ങളിലെ കരട് വോട്ടര്‍ പട്ടികയുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവെച്ചിരുന്നു.

ബങ്കിപൂര്‍ നിയമസഭാ മണ്ഡലത്തിലെ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറാണ് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. ഓഗസ്റ്റ് 14 ന് വൈകുന്നേരം അഞ്ച് മണിക്കുള്ളില്‍ മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍ താന്‍ ഒരിടത്ത് മാത്രമാണ് വോട്ട് രേഖപ്പെടുത്തുന്നതെന്നാണ് സിന്‍ഹയുടെ വാദം. തേജസ്വി യാദവ് തെറ്റായ വസ്തുതകള്‍ നല്‍കി ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും വിജയ് കുമാർ സിൻഹ ആരോപിച്ചു. തനിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചതിന് ആർജെഡി നേതാവ് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.