ഗാസയിൽ അഞ്ച് അൽ ജസീറ മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടവരില്‍ ഒരാള്‍ക്ക് ഹമാസ് ബന്ധമെന്ന് ഇസ്രയേല്‍ സൈന്യം

ഗാസയിൽ അഞ്ച് അൽ ജസീറ മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടവരില്‍ ഒരാള്‍ക്ക് ഹമാസ് ബന്ധമെന്ന് ഇസ്രയേല്‍ സൈന്യം

ഗാസ സിറ്റി: ഗാസ സിറ്റിയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അല്‍ ജസീറയുടെ അഞ്ച് മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. നിരവധി മാധ്യമ പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചിരുന്ന അല്‍-ഷിഫ ആശുപത്രിയുടെ പ്രധാന ഗേറ്റിന് സമീപമാണ് ആക്രമണം നടന്നത്. ആശുപത്രിക്ക് പുറത്തുള്ള ഒരു ടെന്റ് ലക്ഷ്യമിട്ട് നടന്ന ആക്രമണത്തില്‍ ഏഴ് പേര്‍ മരിച്ചതായി ആശുപത്രിയിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട അല്‍ ഷെരീഫ് എന്ന മാധ്യമ പ്രവര്‍ത്തകന് ഹമാസുമായി ബന്ധമുണ്ടെന്ന് ഇസ്രയേല്‍ സൈന്യം പറഞ്ഞു. ഇസ്രയേലി ജനങ്ങള്‍ക്കും സൈനികര്‍ക്കും നേരെ റോക്കറ്റ് ആക്രമണം നടത്തിയ ഹമാസ് തീവ്രവാദ സെല്ലിന് നേതൃത്വം നല്‍കിയത് അല്‍ ഷെരീഫ് ആണെന്നും ഇസ്രയേല്‍ സൈന്യം വാദിക്കുന്നു. ലേഖകന്‍ മുഹമ്മദ് ഖ്രീഖെ, ക്യാമറ ഓപ്പറേറ്റര്‍മാരായ ഇബ്രാഹിം സഹെര്‍, മുഹമ്മദ് നൗഫല്‍, മൊഅമെന്‍ അലിവ, അവരുടെ സഹായി മുഹമ്മദ് നൗഫല്‍ എന്നിവരാണ് മരിച്ച മറ്റ് നാലു പേർ.

അതേസമയം ഗാസ പിടിച്ചെടുക്കുകയല്ല ലക്ഷ്യമെന്നും ഗാസയെ മോചിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഗാസ സിറ്റി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ ഇസ്രയേലിലും പുറത്തും പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ ഇതിനെ 'നുണകളുടെ ആഗോള പ്രചാരണം' എന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്. ഗാസയിലെ അടുത്ത ഘട്ടങ്ങൾക്കായി വളരെ ചെറിയ സമയക്രമം മനസിൽ ഉണ്ടെന്നും നെതന്യാഹു വ്യക്തമാക്കിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.