വിദ്യാര്‍ഥിനിയുടെ മരണം: കാമുകന്‍ റമീസ് അറസ്റ്റില്‍; സോനയുടെ ആത്മഹത്യയ്ക്ക് കാരണം ലൗ ജിഹാദ് എന്ന് ബിജെപി

വിദ്യാര്‍ഥിനിയുടെ മരണം: കാമുകന്‍ റമീസ് അറസ്റ്റില്‍; സോനയുടെ ആത്മഹത്യയ്ക്ക് കാരണം ലൗ ജിഹാദ് എന്ന് ബിജെപി

റമീസിന്റെ കുടുംബാംഗങ്ങളും കേസില്‍ പ്രതികളായേക്കും.

കോതമംഗലം: ടിടിസി വിദ്യാര്‍ഥിനി സോന എല്‍ദോസിന്റെ ആത്മഹത്യയില്‍ കാമുകനായ റമീസ് അറസ്റ്റില്‍. ആത്മഹത്യാ പ്രേരണ, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് റമീസിനെതിരേ ചുമത്തിയിരിക്കുന്നത്. ഇയാളുടെ കുടുംബാംഗങ്ങളെയും കേസില്‍ പ്രതി ചേര്‍ത്തേക്കുമെന്ന് പൊലീസ് പറഞ്ഞു.

അതിനിടെ സോനയുടെ ആത്മഹത്യയ്ക്ക് കാരണം ലൗ ജിഹാദ് ആണെന്നാരോപിച്ച് ബിജെപി രംഗത്ത് വന്നു. കേരളത്തില്‍ പലയിടത്തും സമാനമായ സംഭവങ്ങള്‍ നടക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ നീതിയുക്തമായ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു.

അതേസമയം വിദ്യാര്‍ഥിനിയുടെ മരണത്തില്‍ വ്യക്തമായ തെളിവുകള്‍ ലഭിച്ചതോടെയാണ് പൊലീസ് റമീസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സോനയെ റമീസ് മര്‍ദിച്ചതിന്റെ തെളിവുകളും പൊാലീസ് കണ്ടെടുത്തു. ആത്മഹത്യ ചെയ്യുമെന്ന് സോന പറഞ്ഞപ്പോള്‍, ആത്മഹത്യ ചെയ്തോളാന്‍ റമീസ് പറഞ്ഞതിന്റെ തെളിവുകളും വാട്സാപ്പ് ചാറ്റുകളില്‍ നിന്ന് പൊലീസിന് ലഭിച്ചു. റമീസിനെതിരെ ആത്മഹത്യാപ്രേരണ കുറ്റവും സോനയെ ഉപദ്രവിച്ചതിനുള്ള വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ശനിയാഴ്ച ഉച്ചയ്ക്കാണ് ടിടിസി വിദ്യാര്‍ഥിനിയായ സോനയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ സോനയുടെ ആത്മഹത്യാക്കുറിപ്പ് വീട്ടില്‍ നിന്ന് കണ്ടെടുത്തിരുന്നു. റമീസും ഇയാളുടെ കുടുംബവും മതംമാറാന്‍ നിര്‍ബന്ധിച്ചും വീട്ടില്‍ പൂട്ടിയിട്ട് ഉപദ്രവിച്ചെന്നും ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് കുറിപ്പിലുള്ളത്.

വിവാഹം കഴിക്കണമെങ്കില്‍ മതം മാറണമെന്നായിരുന്നു റമീസിന്റെയും കുടുംബത്തിന്റെയും നിര്‍ബന്ധം. ഇതിനിടെ രജിസ്റ്റര്‍ വിവാഹം നടത്താമെന്ന് പറഞ്ഞ് റമീസ് കൂട്ടിക്കൊണ്ടു പോയി. എന്നാല്‍ വീട്ടില്‍ പൂട്ടിയിട്ട് ഉപദ്രവിക്കുകയാണുണ്ടായതെന്നും ഇങ്ങനെ ചതിക്കപ്പെട്ട് ജീവിക്കാനാകില്ലെന്നും സോനയുടെ കുറിപ്പില്‍ പറയുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.