ന്യൂഡൽഹി: പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറിൻ്റെ ആണവയുദ്ധ ഭീഷണി തള്ളി ഇന്ത്യ. ആണവയുദ്ധ ഭീഷണി പാകിസ്ഥാൻ്റെ നിരുത്തരവാദ സമീപനത്തെ തുറന്നു കാണിക്കുന്നുവെന്നും ഭീഷണിക്ക് വഴങ്ങില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ആണവായുധം കൈവശം വെയ്ക്കുന്ന ഉത്തരവാദിത്ത ബോധമില്ലാത്ത രാജ്യമാണ് പാകിസ്ഥാൻ. അമേരിക്കൻ പിന്തുണയിൽ പാകിസ്ഥാൻ യഥാർഥ നിറം കാണിക്കുന്നു. പാകിസ്ഥാനിൽ ജനാധിപത്യം നിലവിലില്ല എന്നതിൻ്റെ ലക്ഷണമാണിത്. പാകിസ്ഥാനെ നിയന്ത്രിക്കുന്നത് അവരുടെ സൈന്യമാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഇന്ത്യയുടെ സുരക്ഷ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
സിന്ധു നദി ഇന്ത്യയുടെ സ്വത്തല്ലെന്നും അണക്കെട്ട് നിർമിച്ചാൽ തകർക്കുമെന്നുമായിരുന്നു അസിം മുനീറിൻ്റെ ഭീഷണി. പാകിസ്ഥാന്‍ മുങ്ങിത്താഴുകയാണെന്ന് തോന്നിയാൽ, ലോകത്തിൻ്റെ പകുതിയും നശിപ്പിക്കുമെന്നും അസിം മുന്നറിയിപ്പ് നല്‍കിയിരുന്നു. വ്യവസായിയും ഓണററി കോൺസുലുമായ അദ്‌നാൻ അസദ്, യുഎസിലെ ടാമ്പയിൽ നടത്തിയ അത്താഴ വിരുന്നിലായിരുന്നു അസിം മുനീറിന്റെ പരാമർശം.