ബൊഗോട്ട: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർഥി മിഗേൽ ഉറിബെ അന്തരിച്ചു. മിഗേലിന്റെ കുടുംബം മരണ വിവരം സ്ഥിരീകരിച്ചു. കഴിഞ്ഞ ജൂൺ ഏഴിനാണ് മിഗേലിന് വെടിയേറ്റത്.
കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയിൽ നടന്ന ഒരു പ്രചാരണ പരിപാടിയിൽ സംസാരിക്കവെയാണ് തലയ്ക്ക് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ മിഗ്വലിനെ സാന്റെ ഫെ ക്ലിനിക്കിലേക്ക് മാറ്റിയിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. മിഗ്വലിന്റെ ഭാര്യ മരിയ ക്ലോഡിയ ടരാസോണ ആണ് മരണ വിവരം സാമൂഹിക മാധ്യമത്തിലൂടെ സ്ഥിരീകരിച്ചത്.
പ്രചാരണ പരിപാടിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെ മിഗേലിന് നേരെ അക്രമി തുടരെ വെടിയുതിർക്കുകയായിരുന്നു. രണ്ട് തവണ തലയിലും ഒരു തവണ കാലിനുമാണ് വെടിയേറ്റത്. വെടിയുതിർത്തെന്ന് കരുതുന്ന പതിനഞ്ചുകാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കൊളംബിയയിൽ അടുത്ത വർഷം ഒക്ടോബറിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മിഗേൽ തന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിരുന്നു. കൊളംബിയയിലെ ഒരു പ്രമുഖ രാഷ്ട്രീയ കുടുംബത്തിൽ നിന്നുള്ളയാളാണ് അദേഹം. മിഗേലിന്റെ പിതാവ് യൂണിയൻ നേതാവും ബിസിനസുകാരനുമായിരുന്നു.