തൃശൂരിലെ വോട്ട് കൊള്ള; വ്യാജ വോട്ടറായി പേര് ചേര്‍ത്തവരില്‍ സുരേഷ് ഗോപിയുടെ ഡ്രൈവറും

തൃശൂരിലെ വോട്ട് കൊള്ള; വ്യാജ വോട്ടറായി പേര് ചേര്‍ത്തവരില്‍ സുരേഷ് ഗോപിയുടെ ഡ്രൈവറും

തൃശൂര്‍: തൃശൂര്‍ വോട്ട് കൊള്ളയില്‍ വ്യാജ വോട്ടറായി പേര് ചേര്‍ത്തവരില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഡ്രൈവറും. പൂങ്കുന്നത്തെ ക്യാപിറ്റല്‍ സി4-ല്‍ താമസിക്കാതെ വോട്ട് ചേര്‍ത്ത തിരുവനന്തപുരം സ്വദേശിയായ എസ്. അജയകുമാര്‍ സുരേഷ് ഗോപിയുടെ ഡ്രൈവര്‍ ആണെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്.

നിയമസഭ തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ ഇയാളുടെ വോട്ട് തിരുവനന്തപുരത്താണ് എന്നതിനും തെളിവുകള്‍ ലഭിച്ചു. വോട്ടര്‍ ഐഡി നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കള്ളക്കളി വ്യക്തമായത്. ക്യാപിറ്റല്‍ വില്ലേജ് സി-4 ഫ്ളാറ്റ് ഉടമക്ക് അറിയുക പോലും ചെയ്യാത്ത താമസക്കാരനാണ് അജയകുമാര്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്. അജയകുമാറിന്റെ പോളിങ് ബൂത്ത് ശാസ്തമംഗലത്തെ എന്‍എസ്എസ്എച്ച്എസ്എസിലായിരുന്നു. തൃശൂരിലെ അജയകുമാര്‍ തന്നെയാണ് തിരുവനന്തപുരത്തെയും അജയകുമാര്‍ എന്നത് അയല്‍വാസി സ്ഥിരീകരിച്ചിട്ടുമുണ്ട്.

നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍ പട്ടികയില്‍ ശാസ്തമംഗലത്തെ ആറ്റിങ്കര പറമ്പില്‍ വീടും പോളിങ് സ്റ്റേഷന്‍ ശാസ്തമംഗലം എന്‍എസ്എസ് സ്‌കൂളും തന്നെയാണ്. അതേസമയം തൃശൂര്‍ പൂങ്കുന്നത്തെ ഫ്ളാറ്റില്‍ വീട്ടമ്മ അറിയാതെ ചേര്‍ത്ത വ്യാജ വോട്ടുകള്‍ ആബ്സെന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ഒഴിവാക്കിയതായാണ് താന്‍ ഓര്‍ക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കാലത്തെ ബൂത്ത് ലെവല്‍ ഓഫീസര്‍ ആയിരുന്ന ആനന്ദ് സി. മേനോന്‍ പറയുന്നു.
ചട്ടപ്രകാരം പരിശോധന നടത്തിയാണ് വോട്ടര്‍മാരെ ചേര്‍ത്തത്. വ്യാജന്മാര്‍ പട്ടികയില്‍ ഇടം നേടിയിട്ടുണ്ടെങ്കില്‍ അത് എങ്ങനെയെന്ന് അറിയില്ല. ബിഎല്‍ഒ ചുമതല ആദ്യമായാണ് നിര്‍വഹിക്കുന്നതെന്നും പരിചയക്കുറവ് ഉണ്ടായിരുന്നെന്നും ആനന്ദ് സി. മേനോന്‍ പറഞ്ഞു. 

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.