ഭോപ്പാല്‍: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ മധ്യപ്രദേശ് ജബല്‍പൂരിലെ ശാഖയില്‍ വന്‍ കവര്‍ച്ച. മാരകായുധങ്ങളുമായെത്തിയ അഞ്ചംഗ സംഘം തോക്ക് ചൂണ്ടി 14.8 കോടിയുടെ സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും കവര്‍ന്നു.
ഖിതോള പ്രദശത്തുള്ള ഇസാഫ് ബാങ്കിന്റെ ശാഖയില്‍ ഇന്നലെ രാവിലെയാണ് കവര്‍ച്ച നടന്നത്. ഈ സമയത്ത് ബാങ്കില്‍ സുരക്ഷാ ജീവനക്കാര്‍ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ആയുധ ധാരികളായ സംഘം ബാങ്കിലെത്തി ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം 14.8 കിലോ സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും കവര്‍ന്നതായി പൊലീസ് സ്ഥിരീകരിച്ചു.
രാവിലെ 9.15 ന് ബൈക്കിലെത്തിയ സംഘം ഹെല്‍മറ്റ് കൊണ്ട് മുഖം മറച്ചാണ് ബാങ്കിനുള്ളില്‍ കയറിയത്. 20 മിനിട്ടിനുള്ളില്‍ കവര്‍ച്ച നടത്തി ഇവിടെ നിന്ന് രക്ഷപ്പെട്ടു. കവര്‍ച്ചക്കാര്‍ ലോക്കറിലുണ്ടായിരുന്ന 14.875 കിലോഗ്രാം സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും കവര്‍ന്നതായി ജബല്‍പുര്‍ റൂറല്‍ അഡീഷനല്‍ സൂപ്രണ്ട് സൂര്യകാന്ത് ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു.
രണ്ട് മോട്ടര്‍ സൈക്കിളുകളിലെത്തിയ കവര്‍ച്ചക്കാര്‍ ഹെല്‍മറ്റ് ധരിച്ചാണ് ബാങ്കിലേക്ക് കയറിയതെന്നും മിനിട്ടുകള്‍ക്കുള്ളില്‍ കൊള്ള നടത്തി രക്ഷപെട്ടെന്നും ജബല്‍പൂര്‍ ഡിഐജി അതുല്‍ സിങ് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ ആറ് ജീവനക്കാര്‍ ബാങ്കിലുണ്ടായിരുന്നു. കവര്‍ച്ചക്കാര്‍ രാവിലെ 8.50 ന് ബാങ്കില്‍ കയറി 9.08 ന് പുറത്തിറങ്ങി. പിന്നീട് മോട്ടര്‍ സൈക്കിളുകളില്‍ രക്ഷപ്പെട്ടു.
കവര്‍ച്ച നടന്ന് 45 മിനിട്ടിന് ശേഷമാണ് ബാങ്ക് അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചതെന്നും നേരത്തെ വിവരം ലഭിച്ചിരുന്നെങ്കില്‍ പ്രതികളെ എളുപ്പത്തില്‍ പിടിക്കാന്‍ കഴിയുമായിരുന്നുവെന്നും ഡിഐജി വ്യക്തമാക്കി. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.