ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ ഭീഷണി മറികടക്കാന്‍ ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ കയറ്റുമതി മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. മത്സ്യ വിഭവങ്ങളുടെ കയറ്റുമതിയിലാണ് തുടക്കത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
മത്സ്യ വിഭവങ്ങളുടെ ആകെ കയറ്റുമതിയില്‍ 40 ശതമാനം യു.എസിലേക്കായിരുന്നു. ട്രംപ് ഇപ്പോള്‍ പ്രഖ്യാപിച്ച 50 ശതമാനം പകരച്ചുങ്കത്തിന് പുറമേ മറ്റു തീരുവകളും ചേരുമ്പോള്‍ ഇന്ത്യന്‍ മത്സ്യ വിഭവങ്ങള്‍ക്ക് അമേരിക്കയില്‍ 59 ശതമാനത്തിലേറെ തീരുവ നല്‍കേണ്ടി വരും.
ഈ സാഹചര്യത്തില്‍ മത്സ്യ സമ്പത്തിന്റെ കയറ്റുമതി കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി രാജീവ് രഞ്ജന്‍ സിങ് പറഞ്ഞു. വിദേശത്ത് ഇന്ത്യന്‍ മത്സ്യ വിഭവങ്ങള്‍ക്ക് വിപണന സാധ്യതയുണ്ട്. യൂറോപ്പിലേക്കടക്കം കയറ്റുമതി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു.
ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തിങ്കളാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന മത്സ്യവിഭവ കയറ്റുമതിക്കാരുടെ യോഗത്തില്‍ സഹ മന്ത്രിമാരായ ജോര്‍ജ് കുര്യന്‍, എസ്.പി സിങ് ബഘേല്‍ എന്നിവരും പങ്കെടുത്തു. യൂറോപ്യന്‍ യൂണിയന്‍, റഷ്യ, ദക്ഷിണ കൊറിയ, ജപ്പാന്‍, ന്യൂസിലന്‍ഡ്, ഗള്‍ഫ് മേഖല തുടങ്ങിയ രാജ്യങ്ങളിലേക്ക് മത്സ്യ വിഭവങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കാനാണ് കേന്ദ്രത്തിന്റെ ആലോചന.