തെക്കൻ യൂറോപ്പിനെ വിഴുങ്ങി കാട്ടുതീ; 75 വർഷത്തിനിടയിലെ ഏറ്റവും വലിയ കാട്ടുതീ വ്യാപനം

തെക്കൻ യൂറോപ്പിനെ വിഴുങ്ങി കാട്ടുതീ; 75 വർഷത്തിനിടയിലെ ഏറ്റവും വലിയ കാട്ടുതീ വ്യാപനം

പാരീസ്: ഉഷ്ണതരംഗം രൂക്ഷമാകുന്നതിനിടെ തെക്കന്‍ യൂറോപ്പിനെ വിഴുങ്ങി കാട്ടുതീ. കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും വലിയ കാട്ടുതീ വ്യാപനത്തിനാണ് ഫ്രാന്‍സ് സാക്ഷിയാകുന്നത്. സ്പെയ്നിലും പോർച്ചുഗലിലും താപനില 43 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു. ജൂണ്‍, ജൂലൈ മാസങ്ങളിലേതിന് സമാനമായി ഗ്രീസ്-തുർക്കി-ബർഗേറിയ അതിർത്തികളില്‍ ചെറുതും വലുതുമായി നൂറുകണക്കിന് കാട്ടുതീകളാണ് റിപ്പോർട്ട് ചെയ്യുന്നത്.

1949ന് ശേഷം ഫ്രാൻസിൽ രേഖപ്പെടുത്തിയ ഏറ്റവും വലിയ കാട്ടുതീ വ്യാപനത്തിനാണ് ഫ്രാന്‍സ് ഇപ്പോള്‍ സാക്ഷിയാകുന്നത്. ഓഗസ്റ്റ് അഞ്ചിന് ആരംഭിച്ച ഔഡ് കാട്ടുതീ ഫ്രാന്‍സിന്‍റെ തെക്കന്‍ മേഖലയില്‍ 16,000 ഹെക്ടർ ഭൂപ്രദേശത്തെ ഇതിനകം വിഴുങ്ങി. ഒരു മരണം സ്ഥിരീകരിക്കപ്പെട്ട ദുരന്തത്തില്‍ 19 അഗ്നിശമന സേനാംഗങ്ങൾ അടക്കം 25 പേർക്കാണ് പരിക്കേറ്റത്. താപതരംഗം കണക്കിലെടുത്ത് ഫ്രഞ്ച് ദേശീയ കാലാവസ്ഥാ അതോറിറ്റിയായ മെറ്റിയോ-ഫ്രാൻസ് രാജ്യത്തെ ഏറ്റവും ഉയർന്ന താപ മുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ജൂണ്‍- ജൂലൈ മാസങ്ങളിലേതിന് സമാനമായ ഉഷ്ണതരംഗമാണ് സ്പെയ്നും, പോർച്ചുഗലും നേരിടുന്നത്. സ്പെയ്നിന്‍റെ ചില മേഖലകളില്‍ താപനില 44 ഡിഗ്രി സെൽഷ്യസ് വരെയെത്തി. തിങ്കളാഴ്ച ഇടിമിന്നലില്‍ നിന്ന് കത്തിപ്പടർന്ന കാട്ടുതീയെ തുടർന്ന് സോട്ടോ ഡി വിന്വേലസില്‍ നിന്നടക്കം ആയിരക്കണക്കിന് പേരെ ഒഴിപ്പിച്ചു.

ലിസ്ബണിൽ നിന്ന് 350 കിലോമീറ്റർ വടക്കുകിഴക്ക് ട്രാൻകോസോയിൽ ഉണ്ടായ കാട്ടുതീ ഈ വർഷം ഇതുവരെ 52,000 ഹെക്ടർ ഓളം പ്രദേശത്തേക്കാണ് കത്തിപടർന്നത്. പോർച്ചുഗലിന്റെ മൊത്തം വിസ്തൃതിയുടെ 0.6% കാട്ടുതീയില്‍ കത്തിനശിച്ചതായാണ് കണക്ക്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.