സിന്ധുനദീ ജലക്കരാറില്‍ ഇനി ഒരു പുനരാലോചനയും ഇല്ല. രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ല. പാകിസ്ഥാന്‍ ആണവായുധം കാട്ടി വിരട്ടേണ്ടതില്ലെന്നും പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഭരണഘടനയാണ് രാജ്യത്തിന്റെ വഴി കാട്ടിയെന്നും ഐക്യമാണ് ഈ ദിനത്തിന്റെ സന്ദേശമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. 79-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ക്ക് തുടക്കമായി വിവിധ സൈനിക മേധാവിമാരും ഇവിടെ സന്നിഹിതരായിരുന്നു. രാജ്യത്തെ 140 കോടി ജനങ്ങള്‍ക്കും അഭിമാനത്തിന്റെ ഉത്സവമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോടിക്കണക്കിന് മനുഷ്യരുടെ സ്വപ്ന സാക്ഷാത്ക്കാരമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം. ഭരണഘടനയാണ് രാജ്യത്തിന്റെ വഴികാട്ടിയെന്ന് ഓര്‍മിപ്പിച്ച് ഭരണഘടന ശില്‍പികള്‍ക്ക് ആദരം അര്‍പ്പിച്ച മോഡി ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത ധീര ജവാന്മാര്‍ക്ക് സല്യൂട്ട് നല്‍കുകയും ചെയ്തു.
മാതൃരാജ്യം പ്രാണനേക്കാള്‍ പ്രധാനമാണ്. വലിയ വെല്ലുവിളികളെയാണ് രാജ്യം മറികടന്നത്. ഗാന്ധിയുടെ തത്വങ്ങള്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിച്ചു. സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നം സാക്ഷാത്കരിക്കാനായി പരിശ്രമിക്കാം. വികസിത ഭാരതത്തിനായി പ്രയത്നിക്കാമെന്നും മോഡി കൂട്ടിച്ചേര്‍ത്തു.
പാകിസ്ഥാന്‍ ആണവായുധം കാട്ടി വിരട്ടേണ്ടതില്ലെന്ന് ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത ധീരജവാന്‍മാര്‍ക്ക് ബിഗ് സല്യൂട്ട് നല്‍കിക്കൊണ്ട് മോഡി പറഞ്ഞു. സിന്ധുനദീ ജലക്കരാറില്‍ ഇനി ഒരു പുനരാലോചനയും ഇല്ല. രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ല. മതം ചോദിച്ചാണ് തീവ്രവാദികള്‍ നിഷ്‌കളങ്കരായവരെ കൊലപ്പെടുത്തിയത്. അവരെ പിന്തുണച്ചവര്‍ക്കും തക്കതായ ശിക്ഷ നല്‍കാന്‍ രാജ്യത്തിനായി.
പഹല്‍ഗാമില്‍ ഭീകരവാദികള്‍ ഭാര്യമാരുടെ മുന്നില്‍ വച്ച് ഭര്‍ത്താക്കന്മാരെ കൊലപ്പെടുത്തി. കുട്ടികളുടെ മുന്നില്‍ അവരുടെ പിതാക്കന്മാരെ കൊലപ്പെടുത്തി. അതിന് നമ്മുടെ സൈന്യം ഓപ്പറേഷന്‍ സിന്ദൂറിലൂടെ ചുട്ട മറുപടി നല്‍കി. സൈന്യത്തിന് സര്‍ക്കാര്‍ പൂര്‍ണ സ്വാതന്ത്ര്യമാണ് നല്‍കിയതെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രസംഗത്തില്‍ സ്വാതന്ത്ര്യ സമര സേനാനികളെയും ഭരണഘടനാ ശില്‍പികളെയും മോഡി അനുസ്മരിച്ചു.
സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചെങ്കോട്ടയിലും പരിസരത്തുമായി 11,000 ലധികം സുരക്ഷാ ഉദ്യോഗസ്ഥരെയും 3000 ട്രാഫിക് പൊലീസിനെയും നിയോഗിച്ചു. നഗരത്തില്‍ ഉടനീളം നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചു. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, വിമാനത്താവളം, മെട്രോ സ്റ്റേഷനുകള്‍ തുടങ്ങിയ ഇടങ്ങളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.