സിന്ധു നദീജല കരാര്‍: ഉത്തരവാദിത്വത്തില്‍ നിന്ന് കൈ കഴുകാന്‍ മോഡി നെഹ്‌റുവിനെ കുറ്റപ്പെടുത്തുന്നു: വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

സിന്ധു നദീജല കരാര്‍: ഉത്തരവാദിത്വത്തില്‍ നിന്ന് കൈ കഴുകാന്‍ മോഡി നെഹ്‌റുവിനെ കുറ്റപ്പെടുത്തുന്നു: വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പരാമര്‍ശത്തില്‍ രൂക്ഷ പ്രതികരണവുമായി പ്രിയങ്ക ഗാന്ധി എംപി. ഉത്തരവാദിത്വത്തില്‍ നിന്ന് കൈ കഴുകാന്‍ നെഹ്‌റുവിനെ കുറ്റപ്പെടുത്തുകയാണെന്ന് പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു.

ബി.ജെ.പി സര്‍ക്കാര്‍ ഭൂത കാലത്തെ കുറിച്ച് ചിന്തിക്കാതെ വര്‍ത്തമാന കാലത്തെ കുറിച്ച് സംസാരിക്കുകയും ഉത്തരവാദിത്വത്തങ്ങള്‍ നിറവേറ്റുകയും വേണം. വോട്ട് കൊള്ളയും ബിഹാറിലെ എസ്.ഐ.ആറിനും എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പരിഹാരം കാണണം. ഈ വിഷയങ്ങള്‍ ശരിയല്ലെങ്കില്‍ അക്കാര്യം പൊതുജനങ്ങളോട് പറയൂവെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.

പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാര്‍ ഇന്ത്യക്ക് യാതൊരു നേട്ടവും ഉണ്ടായില്ലെന്ന് നെഹ്റു സമ്മതിച്ചിരുന്നതായി എന്‍.ഡി.എ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മോഡി പറഞ്ഞതായാണ് എന്‍.ഡി ടിവി റിപ്പോര്‍ട്ട് ചെയ്തത്. നെഹ്റു രാജ്യത്തെ രണ്ടുവട്ടം വിഭജിച്ചുവെന്നും മോഡി ആരോപിച്ചു.

ആദ്യം റാഡ്ക്ലിഫ് രേഖയിലൂടെയും രണ്ടാമത് സിന്ധു നദീജല കരാറിലൂടെ നദിയിലെ വെള്ളത്തിന്റെ 80 ശതമാനവും പാകിസ്ഥാന് നല്‍കിയത് വഴിയും. ഈ കരാര്‍ കര്‍ഷക വിരുദ്ധമായിരുന്നു. പില്‍കാലത്ത് തന്റെ സെക്രട്ടറിയിലൂടെ നെഹ്റു സ്വന്തം തെറ്റ് അംഗീകരിച്ചു കൊണ്ട് കരാര്‍ യാതൊരു നേട്ടവും ഉണ്ടാക്കിയില്ലെന്ന് സമ്മതിച്ചതെന്നും മോഡി പറയുന്നു.

ജനാധിപത്യത്തെ അട്ടിമറിച്ച് വോട്ട് കൊള്ള നടത്തി ഇന്ത്യന്‍ ജനതയെ വഞ്ചിച്ചുവെന്ന സത്യം തികഞ്ഞ വ്യക്തതയോടെ രാഹുല്‍ ഗാന്ധി ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തിയതിന് പിന്നാലെ വിഷയത്തെ വഴി തിരിച്ചു വിടാന്‍ സംഘ് പരിവാര്‍ നെഹ്‌റുവിനെതിരെ വ്യാപക നുണകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതായി മാധ്യമ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വിദ്യാ സമ്പന്നരും ഉന്നത ഉദ്യോഗങ്ങളിലിരുന്നവരുമായ സംഘ് പരിവാര്‍ അണികള്‍ കുടുംബ ഗ്രൂപ്പുകളിലും സ്‌കൂള്‍, കോളജ് അലുമ്‌നി ഗ്രൂപ്പുകളിലുമെല്ലാം വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

ജവഹര്‍ലാല്‍ നെഹ്റുവിന്റെ അമ്മ തുസ്സു റഹ്‌മാന്‍ ബായ് എന്ന മുസ്ലീം സ്ത്രീയാണെന്നും അദേഹത്തിന്റെ പിതാവ് മുബാറക് അലിയാണെന്നും മുഗള്‍ കാലഘട്ടത്തിലെ മുസ്ലീം എന്ന് കരുതപ്പെടുന്ന മുത്തച്ഛന്‍ ഗിയാസുദ്ദീന്‍ ഗാസി തന്റെ പേര് മാറ്റിയെന്നും മറ്റുമാണ് വാട്‌സ് ആപ്പിലൂടെ കൈമാറുന്ന കെട്ടുകഥകള്‍.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.