ബിസിനസ് വഞ്ചനാ കേസില്‍ ട്രംപിന് ആശ്വാസം; കീഴ്‌ക്കോടതി വിധിച്ച 464 മില്യണ്‍ ഡോളര്‍ പിഴ റദ്ദാക്കി; സമ്പൂര്‍ണ വിജയമെന്ന് ട്രംപ്

ബിസിനസ് വഞ്ചനാ കേസില്‍ ട്രംപിന് ആശ്വാസം; കീഴ്‌ക്കോടതി വിധിച്ച 464 മില്യണ്‍ ഡോളര്‍ പിഴ റദ്ദാക്കി; സമ്പൂര്‍ണ വിജയമെന്ന് ട്രംപ്

വാഷിങ്ടൺ: ബിസിനസ് വഞ്ചനാ കേസില്‍ ആശ്വാസ വിധിയില്‍ പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കീഴ്‌ക്കോടതി വിധിച്ച 464 മില്യണ്‍ ഡോളര്‍ പിഴ റദ്ദാക്കിയ യുഎസ് അപ്പീല്‍ കോടതി വിധിയെ സമ്പൂര്‍ണ വിജയം എന്നായിരുന്നു ട്രംപ് വിശേഷിപ്പിച്ചത്. കുറ്റം നടന്നിട്ടുണ്ടെന്നും എന്നാല്‍ ചുമത്തിയിരിക്കുന്ന പിഴ അമിതമെന്നുമാണ് രണ്ട് അപ്പീല്‍ ജഡ്ജിമാര്‍ ഉത്തരവില്‍ വ്യക്തമാക്കിയത്.

ട്രംപ് തന്റെ സ്വകാര്യ സ്വത്ത് വഞ്ചനാപരമായി വര്‍ധിപ്പിച്ചതായി കണ്ടെത്തിയ ജഡ്ജി ആര്‍തര്‍ എന്‍ഗോറോണാണ് യുഎസ് പ്രസിഡന്റിന് ഭീമമായ പിഴ ചുമത്തിയത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള പ്രചാരണം ആരംഭിച്ച 2024 ഫെബ്രുവരിയിലായിരുന്നു ന്യൂയോര്‍ക്ക് കോടതി ഡൊണാള്‍ഡ് ട്രംപിനെയും ട്രംപ് ഓര്‍ഗനൈസേഷനെയും ശിക്ഷിച്ചത്.

ബാങ്ക് വായ്പകളോ ഇന്‍ഷുറന്‍സ് നിബന്ധനകളോ അവര്‍ക്ക് അനുകൂലമായി ലഭിക്കുന്നതിനായി അവരുടെ സ്വത്തുക്കളുടെ മൂല്യം കൃത്രിമമായി പെരുപ്പിച്ച് ഉപയോഗിച്ചതായാണ് ജഡ്ജി കണ്ടെത്തിയിരിക്കുന്നത്. വിധിയില്‍ എന്‍ഗോറോണ്‍ ട്രംപിനെ മൂന്ന് വര്‍ഷത്തേക്ക് ബിസിനസുകള്‍ നടത്തുന്നതില്‍ നിന്ന് വിലക്കി. വ്യാഴാഴ്ച യുഎസ് അപ്പീല്‍ കോടതി മുമ്പത്തെ വിധി ശരിവച്ചു. എന്നാല്‍ പിഴ അമിതമെന്ന് കാട്ടിയാണ് റദ്ദാക്കിയത്. ഇത് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഭരണഘടനയുടെ എട്ടാം ഭേദഗതിയെ ലംഘിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

അതേസമയം അപ്പീല്‍ കോടതി വിധിക്ക് ശേഷം മുന്‍ കോടതി വിധിയെ ‘രാഷ്ട്രീയ വേട്ട’ എന്നാണ് ട്രംപ് വിളിച്ചത്. താന്‍ ചെയ്തതെല്ലാം ശരിയായിരുന്നുവെന്നും എന്നാല്‍, തെറ്റായ കാര്യങ്ങള്‍ ഞാന്‍ ചെയ്തുവെന്ന് നിയമവിരുദ്ധമായി കാണിക്കാന്‍ ശ്രമിച്ച ന്യൂയോര്‍ക്ക് നഗരവും സംസ്ഥാനവും നടത്തിയ തിരഞ്ഞെടുപ്പ് ഇടപെടലിന്റെ കേസാണിതെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.

‘ന്യൂയോര്‍ക്ക് സ്റ്റേറ്റിലുടനീളം ബിസിനസിനെ ദോഷകരമായി ബാധിച്ച നിയമവിരുദ്ധവും അപമാനകരവുമായ തീരുമാനം’ തള്ളിക്കളയുന്നതില്‍ യുഎസ് കോടതി കാണിച്ച ധൈര്യത്തെ താന്‍ ബഹുമാനിക്കുന്നതായും ട്രംപ് തന്റെ പോസ്റ്റില്‍ പറഞ്ഞു

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.