ഭീഷണിക്ക് പിന്നാലെ ഒമാന്‍ ഉള്‍ക്കടല്‍ മുതല്‍ ഇന്ത്യന്‍ മഹാസമുദ്രം വരെ സൈനിക അഭ്യാസം നടത്തി ഇറാനിയന്‍ യുദ്ധക്കപ്പലുകള്‍

ഭീഷണിക്ക് പിന്നാലെ ഒമാന്‍ ഉള്‍ക്കടല്‍ മുതല്‍ ഇന്ത്യന്‍ മഹാസമുദ്രം വരെ സൈനിക അഭ്യാസം നടത്തി ഇറാനിയന്‍ യുദ്ധക്കപ്പലുകള്‍

ടെഹ്റാന്‍: ഒമാന്‍ ഉള്‍ക്കടല്‍ മുതല്‍ ഇന്ത്യന്‍ മഹാസമുദ്രം വരെ സൈനിക അഭ്യാസം നടത്തി ഇറാന്റെ യുദ്ധക്കപ്പലുകള്‍.

ഇസ്രയേലുമായുള്ള 12 ദിവസത്തെ യുദ്ധം അമേരിക്കയുടെ മധ്യസ്ഥതയില്‍ അവസാനിപ്പിച്ച ശേഷം തങ്ങള്‍ ഇപ്പോഴും യുദ്ധമുഖത്താണെന്നും  ഇസ്രയേലുമായി ഏത് നിമിഷവും യുദ്ധം ആരംഭിച്ചേക്കാമെന്നും   ഇറാന്‍ കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. അതിന് ശേഷം വ്യാഴാഴ്ചയാണ് ഇറാന്‍ സൈനികാഭ്യാസം ആരംഭിച്ചത്.

'സസ്റ്റയിന്‍ പവര്‍ 1404' എന്ന് പേരിട്ടിരിക്കുന്ന ഈ അഭ്യാസത്തിന് കീഴില്‍ ഇറാനിയന്‍ നാവികസേന ഒമാന്‍ ഉള്‍ക്കടലിലെയും ഇന്ത്യന്‍ മഹാസമുദ്രത്തിലെയും കടല്‍ ലക്ഷ്യങ്ങളില്‍ ക്രൂയിസ് മിസൈലുകള്‍ പ്രയോഗിക്കുകയും ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തുകയും ചെയ്തു.

ഏകദേശം 18,000 ത്തോളം ഇറാനിയന്‍ നാവിക സേന സാധാരണയായി ഒമാന്‍ ഉള്‍ക്കടല്‍, ഇന്ത്യന്‍ മഹാസമുദ്രം, കാസ്പിയന്‍ കടല്‍ എന്നിവിടങ്ങളില്‍ പട്രോളിങ് നടത്താറുണ്ട്. കൂടാതെ പേര്‍ഷ്യന്‍ ഗള്‍ഫിന്റെയും ഹോര്‍മുസ് കടലിടുക്കിന്റെയും സുരക്ഷയുടെ ഉത്തരവാദിത്വം ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡിനാണ്.

അതേസമയം ഇറാന്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള (ഐഎഇഎ) സഹകരണം പുനരാരംഭിച്ചിട്ടില്ല.. ടെഹ്റാന്‍ അടുത്തിടെ യുറേനിയം ആയുധ ഗ്രേഡ് തലത്തിലേക്ക് സമ്പുഷ്ടമാക്കിയത് അവരുടെ ആണവ പദ്ധതിയെച്ചൊല്ലിയുള്ള സംഘര്‍ഷങ്ങള്‍ക്ക് കൂടുതല്‍ ആക്കം കൂട്ടിയിട്ടുണ്ട്.

ഓഗസ്റ്റ് 31 നകം ഐഎഇഎയുമായുള്ള തര്‍ക്കത്തിന് തൃപ്തികരമായ പരിഹാരം ഇറാന്‍ കണ്ടെത്തിയില്ലെങ്കില്‍ മുമ്പ് പിന്‍വലിച്ച എല്ലാ ഐക്യരാഷ്ട്ര സഭ ഉപരോധങ്ങളും ഉടന്‍ പുനസ്ഥാപിക്കുമെന്ന് ആണവ കരാറില്‍ ഉള്‍പ്പെട്ട യൂറോപ്യന്‍ രാജ്യങ്ങളായ ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.