കൊച്ചി: അധ്യാപക നിയമനത്തില്‍ ക്രൈസ്തവ എയ്ഡഡ് മേഖലയോടുള്ള വിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
കാത്തലിക് മാനേജ്മെന്റുകളുടെ കേസില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് വിവേചനപരവും തുല്യനീതിയുടെ ലംഘനവും ആണെന്ന് കത്തില്‍ പറയുന്നു.
ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് അധ്യാപക നിയമനത്തില്‍ ക്രൈസ്തവ മാനേജ്‌മെന്റുകള്‍ക്ക് കീഴിലുള്ള എയ്ഡഡ് മേഖലയോടുളള വിവേചനം അവസാനിപ്പിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. ദുരിതത്തിലായ അധ്യാപകര്‍ക്ക് നീതി ഉറപ്പാക്കണം.
എയ്ഡഡ് സ്‌കൂളുകളിലെ നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് എന്‍എസ്എസ് സ്‌കൂളുകള്‍ക്ക് അനുകൂലമായി സുപ്രീം കോടതി വിധി വന്നിരുന്നു.
എന്നാല്‍ ഈ വിധി കാത്തലിക് സ്‌കൂള്‍സ് മാനേജ്മെന്റിനു കീഴിലുള്ള വിവിധ ഏജന്‍സികളുടെ സ്‌കൂളുകള്‍ക്ക് ബാധകമാക്കാനാവില്ലെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്.