ടോക്കിയോ : ജപ്പാനെ അടുത്ത പങ്കാളിയെന്ന് വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യയും ജപ്പാനും ചേര്‍ന്നാല്‍ ഈ നൂറ്റാണ്ടിലെ സാങ്കേതിക വിപ്ലവം യാഥാര്‍ത്ഥ്യമാക്കാനാകുമെന്നും മോഡി പറഞ്ഞു. ഇന്ത്യ- ജപ്പാന്‍ ഇക്കണോമിക് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ജാപ്പനീസ് പ്രധാനമന്ത്രി ഷിഗേരു ഇഷിബയുമായി മോഡി കൂടിക്കാഴ്ച നടത്തി.
ഇന്ത്യ ഇന്ന് ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ സമ്പദ് വ്യവസ്ഥയാണെന്ന് പറഞ്ഞ മോഡി ജിഎസ്ടിയിലടക്കം വലിയ പരിഷ്‌ക്കരണത്തിന് ഇന്ത്യ തയ്യാറെടുക്കുകയാണെന്നും ഇന്ത്യയില്‍ ഇന്ന് സ്ഥിരതയും ദീര്‍ഘവീക്ഷണവും ഉണ്ടെന്നും ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ യുവാക്കള്‍ക്ക് ജാപ്പനീസ് പഠിക്കാനുള്ള അവസരം വര്‍ദ്ധിപ്പിക്കണമെന്നും മോഡി പറഞ്ഞു.
അതേസമയം അമേരിക്കന്‍ തീരുവയെക്കുറിച്ച് മോഡി എന്താണെന്ന് സംസാരിക്കുക എന്ന് ഉറ്റുനോക്കിയവര്‍ക്ക് നിരാശ നല്‍കി. ഇതേക്കുറിച്ച് അദേഹം മൗനം പാലിച്ചു. ജപ്പാനിലെത്തിയ ശേഷം ഈ വിഷയത്തില്‍ ഇതുവരെ പ്രതികരണം നടത്താന്‍ തയ്യാറായില്ലെന്നാണ് വിവരം. അമേരിക്കയുമായുള്ള തീരുവ തര്‍ക്കത്തിനിടെയാണ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ജപ്പാനിലെത്തിയത്. ജപ്പാന്‍ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായി ചൈനയിലേക്ക് പോകും.