ഹെയ്‌തിയില്‍ നിന്ന് ആശ്വാസ വാർത്ത; ഒരു മാസം മുന്നെ തട്ടിക്കൊണ്ടുപോയ മിഷ്ണറിയ്ക്കും സംഘത്തിനും മോചനം

ഹെയ്‌തിയില്‍ നിന്ന് ആശ്വാസ വാർത്ത; ഒരു മാസം മുന്നെ തട്ടിക്കൊണ്ടുപോയ മിഷ്ണറിയ്ക്കും സംഘത്തിനും മോചനം

പോർട്ട് ഒ പ്രിൻസ്: കരീബിയന്‍ രാജ്യമായ ഹെയ്‌തിയിൽ നിന്ന് ആശ്വാസ വാർത്ത. പോർട്ട്-ഒ-പ്രിൻസില്‍ നിന്ന് തട്ടിക്കൊണ്ടുപോയ മിഷ്ണറിയും മൂന്ന് വയസുള്ള ഒരു കുട്ടിയുമുൾപ്പെടെ എട്ട് പേർ സ്വതന്ത്രരായതായി റിപ്പോർട്ട്.

ഓഗസ്റ്റ് മൂന്നിനാണ് കെൻസ്കോഫിലെ സെന്റ് ഹെലേന അനാഥാലയത്തിന്റെ ഡയറക്ടറും മിഷ്ണറിയുമായ ജീന്‍ ഹെറാട്ടിയെയും സംഘത്തെയും തട്ടിക്കൊണ്ടുപോയത്.

240-ലധികം കുട്ടികളെ പരിചരിക്കുന്ന അനാഥാലയത്തിന്റെ ചുറ്റുമതിൽ തകർത്ത് അകത്തുകയറിയ തോക്കുധാരികൾ അനാഥാലയത്തിനുള്ളിൽ പ്രവേശിച്ച് ഡയറക്ടറേയും പ്രവർത്തകരെയും തട്ടിക്കൊണ്ടുപോവുകയായിരുന്നു. തട്ടിക്കൊണ്ടുപോകപ്പെട്ട എട്ട് പേരും സ്വാതന്ത്രരാക്കപ്പെട്ടുവെന്ന വാർത്ത അയർലണ്ട് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് സ്ഥിരീകരിച്ചു. എല്ലാവരും ആരോഗ്യത്തോടെയാണിരിക്കുന്നതെന്നും ഉപപ്രധാനമന്ത്രി വ്യക്തമാക്കി.

അയര്‍ലണ്ടിലെ ലിസ്‌കാര്‍ണിയില്‍ ജനിച്ച ജീന്‍ ഹെറാട്ടി 1993 മുതല്‍ ഹെയ്തിയിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ഇടയില്‍ ശുശ്രൂഷ ചെയ്യുകയാണ്. ഒയിറിയാച്ച്ടാസ് ഹ്യൂമന്‍ ഡിഗ്‌നിറ്റി അവാര്‍ഡ് ഉള്‍പ്പെടെ സന്നദ്ധപ്രവര്‍ത്തനത്തിന് നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

വര്‍ധിച്ചു വരുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷയ്ക്ക് ഭീഷണി ഉണ്ടായിരുന്നിട്ടും ഹെയ്തി വിടാന്‍ തനിക്ക് ഉദേശ്യമില്ലെന്ന് മുമ്പ് ഐറിഷ് ടൈംസിന് നല്‍കിയ ഒരഭിമുഖത്തില്‍ ജീന്‍ ഹെറാട്ടി വ്യക്തമാക്കിയിരുന്നു.

പോര്‍ട്ട്- ഒ -പ്രിന്‍സിലെയും പരിസരങ്ങളിലെയും 85 ശതമാനം പ്രദേശങ്ങളും സായുധ സംഘങ്ങളുടെ നിയന്ത്രണെന്ന് യുഎന്‍ പറയുന്നു. 2025 ന്റെ ആദ്യ പകുതിയില്‍ ഹെയ്തിയില്‍ ഏകദേശം 350 പേരെ തട്ടിക്കൊണ്ടുപോയതായി യുഎന്‍ കണക്കുകള്‍ കാണിക്കുന്നു. ഇതേ കാലയളവില്‍ കുറഞ്ഞത് 3,141 പേര്‍ കൊല്ലപ്പെട്ടതായും എന്ന് യുഎന്‍ മനുഷ്യാവകാശ ഓഫീസ് വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.