വീട്ടിലെത്താന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കേ അപകടം; പ്രിന്‍സിന്റെയും മക്കളുടെയും വിയോഗത്തില്‍ വിതുമ്പി തേവലക്കര

വീട്ടിലെത്താന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കേ അപകടം; പ്രിന്‍സിന്റെയും മക്കളുടെയും വിയോഗത്തില്‍ വിതുമ്പി തേവലക്കര

ഓച്ചിറ: ബന്ധുവിനെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ച് തിരിച്ച് വീട്ടിലേക്ക് എത്താന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കേയാണ് തേവലക്കര സ്വദേശിയായ പ്രിന്‍സും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം ഇന്ന് രാവിലെ ഓച്ചിറ വലിയകുളങ്ങരയില്‍ അപകടത്തില്‍പ്പെട്ടത്. അപ്രതീക്ഷിതമായുണ്ടായ അപകടത്തിന്റെ നടുക്കത്തിലാണ് തേവലക്കര നിവാസികള്‍.

തേവലക്കര മര്‍ത്തമറിയം ഓര്‍ത്തഡോക്‌സ് സുറിയാനിപള്ളി ആന്‍ഡ് മാര്‍ ആബോ തീര്‍ത്ഥാടന കേന്ദ്ര ഇടവകാംഗവും കൊച്ചുകുളങ്ങര പുതുവീട്ടില്‍ തരകന്‍ കുടുംബാംഗവുമായ തോമസ് ലൂക്കോസിന്റെയും മറിയാമ്മ തോമസിന്റെയും മകന്‍ പ്രിന്‍സ് തോമസ് (44), മക്കളായ അതുല്‍ പ്രിന്‍സ് തോമസ് (14) അല്‍ക്ക സാറാ പ്രിന്‍സ് (5) എന്നിവര്‍ അപകടത്തില്‍ മരണമടഞ്ഞു.

ഗുരുതരമായി പരിക്കേറ്റ പ്രിന്‍സിന്റെ ഭാര്യ ബിന്ദ്യ സൂസന്‍ പ്രിന്‍സ് ഓച്ചിറ പരബ്രഹ്‌മ ഹോസ്പിറ്റലിലും മറ്റൊരു മകള്‍ ഐശ്വര്യ മെര്‍ലിന്‍ പ്രിന്‍സ് കരുനാഗപ്പള്ളി കിംസ് വലിയത്ത് ഹോസ്പിറ്റലിലും അത്യാസന്ന നിലയില്‍ ചികിത്സയിലാണ്.

പ്രിന്‍സിന്റെ ഭാര്യാ സഹോദരനെ വിമാനത്താവളത്തില്‍ വിട്ട ശേഷം തിരികെയുള്ള യാത്രയില്‍ കുടുംബം സഞ്ചരിച്ചിരുന്ന ഥാര്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റുമായി ഇടിച്ചാണ് അപകടം. പ്രിന്‍സാണ് വാഹനം ഒടിച്ചിരുന്നത്.

പ്രിന്‍സിന്റെയും മക്കളുടെയും മരണത്തില്‍ ഓര്‍ത്തഡോക്‌സ് സഭ മീഡിയ വിങ് ദുഖം രേഖപ്പെടുത്തുകയും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.