വാഷിങ്ടണ്‍: റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിക്കുന്നതു വരെ ചൈനയ്ക്ക് മേല്‍ 50 മുതല്‍ 100 ശതമാനം വരെ താരിഫ് ചുമത്തണമെന്ന് നാറ്റോ സഖ്യകക്ഷികളോട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
റഷ്യക്കെതിരെയും കര്‍ശന നടപടിയെടുക്കാന്‍ ട്രംപ് ആഹ്വാനം ചെയ്തു. റഷ്യയുടെ മേല്‍ ചൈനയ്ക്ക് ശക്തമായ നിയന്ത്രണം ഉണ്ടെന്ന് ആരോപിച്ചാണ് ഉയര്‍ന്ന താരിഫ് നിരക്കുകള്‍ ഏര്‍പ്പെടുത്തണമെന്ന് അദേഹം ആവശ്യപ്പെട്ടത്.
റഷ്യയുമായുള്ള വ്യാപാര ബന്ധത്തിന്റെ പേരില്‍ ഇന്ത്യക്കും ചൈനക്കുമെതിരെ നൂറ് ശ്തമാനം തീരുവ ചുമത്തണമെന്ന ട്രംപിന്റെ ആവശ്യം യുറോപ്യന്‍ യൂണിയന്‍ തള്ളിക്കളഞ്ഞിരുന്നു.
യൂറോപ്യന്‍ പങ്കാളികള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തുകയും നടപടികളില്‍ പങ്കുചേരുകയും ചെയ്താല്‍ മാത്രം റഷ്യക്കെതിരെ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ തയ്യാറാണെന്ന് ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെയായിരുന്നു പുതിയ പ്രസ്താവന.
'നിങ്ങള്‍ക്കറിയാവുന്നതു പോലെ, വിജയിക്കാനുള്ള നാറ്റോയുടെ പ്രതിബദ്ധത 100 ശതമാനത്തില്‍ താഴെയാണ്. ചിലര്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് എന്നെ ഞെട്ടിച്ചു. എന്തായാലും നിങ്ങള്‍ തയ്യാറാകുമ്പോള്‍ ഞാനും തയ്യാറാണ്. എപ്പോഴാണെന്ന് പറഞ്ഞാല്‍ മതി'- ട്രംപ് പോസ്റ്റില്‍ എഴുതി.
'മാരകമായ, എന്നാല്‍ പരിഹാസ്യമായ യുദ്ധം' എന്നാണ് റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷത്തെ ട്രംപ് വിശേഷിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയില്‍ മാത്രം 7,118 പേര്‍ കൊല്ലപ്പെട്ടു. തന്റെ നേതൃത്വത്തില്‍ ഈ യുദ്ധം ഒരിക്കലും ആരംഭിക്കുമായിരുന്നില്ല എന്നും അദേഹം പറഞ്ഞു. യുദ്ധത്തെ 'ബൈഡന്റെയും സെലെന്‍സ്‌കിയുടെയും യുദ്ധം' എന്ന് ട്രംപ് പരിഹസിക്കുകയും ചെയ്തു.
'ഇത് അവസാനിപ്പിക്കാനും ആയിരക്കണക്കിന് റഷ്യന്‍, ഉക്രേനിയന്‍ പൗരന്മാരുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കാനുമാണ് ഞാന്‍ ഇവിടെയുള്ളത്. ഞാന്‍ പറയുന്നത് പോലെ നാറ്റോ ചെയ്താല്‍, യുദ്ധം പെട്ടെന്ന് അവസാനിക്കും. അല്ലെങ്കില്‍, നിങ്ങള്‍ എന്റെ സമയവും അമേരിക്കയുടെ സമയവും ഊര്‍ജവും പണവും വെറുതെ പാഴാക്കുകയാണ്'- ട്രംപ് കുറിപ്പില്‍ വ്യക്തമാക്കി.