ലണ്ടന്‍: കുടിയേറ്റ വിരുദ്ധ വികാരങ്ങള്‍ ഉയര്‍ത്തിക്കാട്ടി ലണ്ടനില്‍ തദ്ദേശീയരുടെ പ്രതിഷേധം ശക്തമാകുന്നു. തീവ്ര വലതുപക്ഷ പ്രവര്‍ത്തകനായ ടോമി റോബിന്‍സന്റെ നേതൃത്വത്തില്‍ ശനിയാഴ്ച സംഘടിപ്പിച്ച റാലിയില്‍ ഒന്നര ലക്ഷത്തോളം പേരാണ് പങ്കെടുത്തത്.
'യുണൈറ്റ് ദ് കിങ്ഡം' എന്ന പേരില്‍ സംഘടിപ്പിച്ച റാലിയില്‍ അനധികൃത കുടിയേറ്റത്തിനെതിരെയും അവരെ പ്രോല്‍സാഹിപ്പിക്കുന്ന സര്‍ക്കാരിനെതിരെയുമുള്ള മുദ്രാവാക്യങ്ങളാണ് ഉയര്‍ന്നത്. അതിനിടെ റാലിയില്‍ പങ്കെടുത്തവരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷങ്ങളില്‍ 26 പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്.
പ്രതിഷേധക്കാര്‍ പൊലീസിനുനേരെ കുപ്പികള്‍ എറിയുകയും മര്‍ദിക്കുകയും ചെയ്തതായി മെട്രോപൊളിറ്റന്‍ പൊലീസ് അറിയിച്ചു. അക്രമം ലക്ഷ്യമാക്കി വന്നവരും കൂട്ടത്തില്‍ ഉണ്ടായിരുന്നുവെന്നും 25 പേരെ അറസ്റ്റ് ചെയ്തതായും അധികൃതര്‍ വ്യക്തമാക്കി. ഏകദേശം ഒന്നരലക്ഷത്തോളം ആളുകള്‍ മാര്‍ച്ചില്‍ പങ്കെടുത്തതായും പ്രതീക്ഷകളെ മറികടക്കുന്ന ജനപങ്കാളിത്തമാണ് മാര്‍ച്ചിലുണ്ടായതെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ദേശീയ വാദിയും ഇസ്ലാം വിരുദ്ധനുമായ ഇംഗ്ലീഷ് ഡിഫന്‍സ് ലീഗ് സ്ഥാപകന്‍ യാക്സ്ലി-ലെനോണ്‍ എന്ന ടോമി റോബിന്‍സണ്‍ ബ്രിട്ടനിലെ ഏറ്റവും സ്വാധീനമുള്ള തീവ്ര വലതുപക്ഷ നേതാക്കളില്‍ ഒരാളാണ്.
കുടിയേറ്റക്കാര്‍ക്ക് ഇപ്പോള്‍ തദ്ദേശീയരേക്കാള്‍ കൂടുതല്‍ അവകാശങ്ങളുണ്ടെന്നും ഈ രാജ്യം പടുത്തുയര്‍ത്തിയ ജനങ്ങളേക്കാള്‍ അവര്‍ക്കാണ് മുന്‍ഗണനയെന്നും റോബിന്‍സണ്‍ പറഞ്ഞു.
റാലിയില്‍ പങ്കെടുത്തവര്‍ പ്രധാനമായും കുടിയേറ്റത്തിന്റെ അപകടങ്ങളെക്കുറിച്ചാണ് സംസാരിച്ചത്. യൂറോപ്യന്‍ ജനതയുടെ വലിയൊരു വിഭാഗം തെക്കന്‍ രാജ്യങ്ങളില്‍ നിന്നും മുസ്ലീം സംസ്‌കാരങ്ങളില്‍ നിന്നും വരുന്ന ആളുകളാല്‍ മാറ്റി സ്ഥാപിക്കപ്പെടുകയാണെന്ന് തീവ്ര വലതുപക്ഷ ഫ്രഞ്ച് രാഷ്ട്രീയക്കാരനായ എറിക് സെമ്മോര്‍ പറഞ്ഞു.
ശതകോടീശ്വരനും ടെസ്ല സിഇഒമായ ഇലോണ്‍ മസ്‌ക്കിന്റെ വിഡിയോ സന്ദേശം റാലിക്കിടെ പ്രദര്‍ശിപ്പിച്ചു. നിയന്ത്രണമില്ലാത്ത കുടിയേറ്റം ബ്രിട്ടനെ നശിപ്പിക്കുകയാണെന്ന് മസ്‌കും അവകാശപ്പെട്ടു.
ബ്രിട്ടണിലെ ടെലിവിഷന്‍ അവതാരകന്‍ കാറ്റി ഹോപ്കിന്‍സ്, ലോറന്‍സ് ഫോക്‌സ്, ആന്‍ഡ് മിഡില്‍ട്ടന്‍ തുടങ്ങിയ തീവ്രവലതുപക്ഷ നേതാക്കളും റാലിയില്‍ സംബന്ധിച്ചു.
ഈ റാലിക്ക് ബദലായി, സ്റ്റാന്‍ഡ് അപ്പ് ടു റേസിസം എന്ന സംഘടന ഫാസിസത്തിനെതിരായ മാര്‍ച്ച് സംഘടിപ്പിച്ചു. അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്തും തീവ്ര വലതുപക്ഷത്തെ തകര്‍ക്കണമെന്നും ആവശ്യപ്പെട്ട് നടന്ന മാര്‍ച്ചില്‍ അയ്യായിരത്തോളം ആളുകള്‍ മാത്രമാണ് പങ്കെടുത്തത്.