വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത അനുയായി ചാര്‍ളി കിര്‍ക്ക് കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന് സുരക്ഷാ വിദഗ്ധന്‍ മുന്നറിയിപ്പ് നല്‍കിയുരുന്നതായി റിപ്പോര്‍ട്ട്.
യൂട്ടാ വാലി സര്‍വകലാശാലയില്‍ ഒരു തുറന്ന സംവാദത്തില്‍ പ്രസംഗിക്കുന്നതിനിടെയാണ് കിര്‍ക്ക് വെടിയേറ്റ് മരിച്ചത്. സുരക്ഷ ശക്തമാക്കിയില്ലെങ്കില്‍ കിര്‍ക്ക് കൊല്ലപ്പെടാന്‍ 100 ശതമാനം സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് അവഗണിച്ചതാണ് ദാരുണാന്ത്യത്തിന് ഇടയാക്കിയത്.
എക്‌സിക്യൂട്ടീവ് പ്രൊട്ടക്ഷന്‍ ഏജന്‍സിയായ 'ദ് ബോഡി ഗാര്‍ഡ് ഗ്രൂപ്പി'ന്റെ ഉടമ ക്രിസ് ഹെര്‍സോഗിനെ ഉദ്ധരിച്ചുകൊണ്ട് ദി മിററാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ മാര്‍ച്ച് ആറിന് നടന്ന കൂടിക്കാഴ്ചയില്‍ ഇതുസംബന്ധിച്ച് കിര്‍ക്കിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി ക്രിസ് ഹെര്‍സോഗ് പറഞ്ഞു.
മതിയായ സുരക്ഷയില്ലെന്നും പൊതുപരിപാടിയില്‍ വച്ച് വെടിയേറ്റ് മരിക്കാനുള്ള സാധ്യതയുണ്ടെന്നും ഹെര്‍സോഗ് മുന്നറിയിപ്പ് നല്‍കിയിരുന്നു. സംരക്ഷണത്തിനായി ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് പാനലുകള്‍ ഉപയോഗിക്കണമെന്നും അദേഹം ആവശ്യപ്പെട്ടിരുന്നു. കൂടാതെ 700 മീറ്റര്‍ ചുറ്റളവിലുള്ളവരെ പരിശോധിക്കുന്നതിനായി മെറ്റല്‍ ഡിറ്റക്ടറുകള്‍ ഉപയോഗിക്കണമെന്നും ശുപാര്‍ശ ചെയ്തിരുന്നു.
'ഒരു സ്‌നൈപ്പര്‍ തലയ്ക്ക് വെടിവയ്ക്കാന്‍ സാധ്യതയുണ്ടെന്ന് ഞാന്‍ അദേഹത്തോട് പറഞ്ഞു, അതായത് ബാലിസ്റ്റിക് ഗ്ലാസ് ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്'- ഹെര്‍സോഗ് പറഞ്ഞു.
കിര്‍ക്കിന് വെടിയേറ്റ് ഏകദേശം 33 മണിക്കൂറിനുള്ളില്‍ പ്രതിയായ ടൈലര്‍ റോബിന്‍സണെ കസ്റ്റഡിയിലെടുത്തു. ഒരു ബന്ധുവും കുടുംബ സുഹൃത്തും ചേര്‍ന്ന് വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് ഇയാളെ പിടികൂടിയതെന്ന് യൂട്ടാ ഗവര്‍ണര്‍ സ്‌പെന്‍സര്‍ കോക്‌സ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.