ആംഹെര്‍സ്റ്റ് (യു.എസ്): പ്രൈമോഡിയല്‍ തമോഗര്‍ത്തങ്ങളെ (Primordial Black Holes) കുറിച്ചുള്ള വിശദമായ പഠനത്തിലാണ് ശാസ്ത്ര ലോകം. ഈ പഠനത്തിലൂടെ തമോഗര്‍ത്ത വിസ്‌ഫോടനങ്ങള്‍ അടക്കം മഹാ വിസ്ഫോടനങ്ങളെ കുറിച്ചുള്ള കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ സാധിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞര്‍.
എന്തായാലും അടുത്ത ഒരു ദശാബ്ദത്തിനുള്ളില്‍ മനുഷ്യര്‍ക്ക് ഒരു തമോഗര്‍ത്ത വിസ്ഫോടനം കാണാനുള്ള ഭാഗ്യമുണ്ടായേക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. 90 ശതമാനം സാധ്യതയാണ് ഇതിന് അവര്‍ നല്‍കുന്നത്. ഒരു ലക്ഷം വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അപൂര്‍വ്വ പ്രതിഭാസമാണിത്.
പ്രപഞ്ചത്തെ സൃഷ്ടിക്കുന്ന തമോദ്രവ്യം പോലുള്ള അജ്ഞാത കണികകളെ പഠിക്കാന്‍ കഴിയുമെന്നതിനാല്‍ ഇങ്ങനെ ഒരു സ്ഫോടനം പ്രപഞ്ചത്തിന്റെ ചരിത്രത്തെ തിരുത്തിയെഴുതുമെന്ന് ആംഹെര്‍സ്റ്റിലെ മസാച്യുസെറ്റ്സ് സര്‍വകലാശാലയിലെ ഗവേഷകര്‍ കരുതുന്നു.
ഇതുവരെ സിദ്ധാന്തം മാത്രമായിരുന്ന പ്രൈമോര്‍ഡിയല്‍ തമോഗര്‍ത്തത്തിന്റെ ശക്തമായ തെളിവായിരിക്കും ഈ സ്ഫോടനമെന്ന് മസാച്യുസെറ്റ്സ് സര്‍വകലാശാലയിലെ ഫിസിക്കല്‍ റിവ്യൂ ലെറ്റേഴ്സില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
1970 ല്‍ സ്റ്റീഫന്‍ ഹോക്കിങാണ് പിബിഎച്ച് (Primordial Black Holes) എന്ന ആശയം അവതരിപ്പിച്ചത്. മഹാ വിസ്ഫോടനത്തിന് സെക്കന്‍ഡുകള്‍ക്കുള്ളിലാണ് ഇത് സൃഷ്ടിക്കപ്പെട്ടതെന്നും അദേഹം വ്യക്തമാക്കി.
തമോഗര്‍ത്ത സ്ഫോടനം എന്തായാലും ഈ ദശാബ്ദത്തില്‍ സംഭവിക്കുമെന്ന് തങ്ങള്‍ അവകാശപ്പെടുന്നില്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. സംഭവിച്ചാല്‍ അത് നിരീക്ഷിക്കുന്നതിനുള്ള സാങ്കേതിക വിദ്യകള്‍ നമുക്കുള്ളതിനാല്‍ നമ്മള്‍ തയ്യാറായിരിക്കണം. ആംഹെര്‍സ്റ്റിലെ മസാച്യുസെറ്റ്സ് സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ മൈക്കല്‍ ബേക്കര്‍ പറഞ്ഞു.