വാഷിങ്ടൺ: ക്രിസ്തു വിശ്വാസവും മൂല്യങ്ങളും മുറുകെ പിടിച്ചു ശ്രദ്ധ നേടിയ അമേരിക്കന്‍ ഇന്‍ഫ്ലൂവന്‍സര്‍ ചാർളി കിര്‍ക്ക് കൊല്ലപ്പെട്ടതിന് പിന്നാലെ ദുഖം പങ്കിട്ട് അമേരിക്കന്‍ ബിഷപ്പും പ്രമുഖ വചന പ്രഘോഷകനുമായ ബിഷപ്പ് റോബര്‍ട്ട് ബാരണ്‍.
“ആദ്യം മുതൽ അവസാനം വരെ ചാർളി ഒരു ആവേശമുള്ള ക്രിസ്ത്യാനി ആയിരുന്നു. വാദങ്ങളിൽ ശാന്തതയും മാന്യതയും പാലിച്ചിരുന്ന അദേഹത്തിന്റെ ആത്മീയത എനിക്ക് എന്നും പ്രചോദനമായിരുന്നു.”- ബിഷപ്പ് ബാരൺ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി.
“നാല് വർഷങ്ങൾക്ക് മുമ്പ് ഞാൻ ഫീനിക്സിൽ ഒരു പ്രസംഗ പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ചാർളി കിർക്കിനെ ആദ്യമായി കാണുന്നത്. അദേഹം എന്നെ പ്രഭാത ഭക്ഷണത്തിന് ക്ഷണിച്ചു. അന്ന് തന്നെ കിർക്കിന്റെ വ്യക്തിത്വം എന്നെ വളരെയധികം ആകർഷിച്ചു. മികച്ച ബുദ്ധിശക്തിയും, ആകർഷണീയ വ്യക്തിത്വവും യഥാർത്ഥ നന്മയും ഉള്ള ഒരു മനുഷ്യനായിരുന്നു അദേഹം. കഴിഞ്ഞ വർഷമാണ് പിന്നീട് ഞാൻ വീണ്ടും കണ്ടുമുട്ടിയത്. ഇരുപത്തിയഞ്ച് യുവാക്കളുമായി ചർച്ച നടത്തുന്നത് കണ്ടു.“- ബിഷപ്പ് ബാരൺ പറയുന്നു
“അവരുടെ കാഴ്ചപ്പാടുകളോടുള്ള എതിർപ്പുകൾക്കിടയിലും അദേഹം ശാന്തതയോടെ പെരുമാറുന്നത് കണ്ട് ഒരു സന്ദേശം അയച്ചു. എന്റെ അഭിമുഖ പരിപാടിയായ ബിഷപ്പ് ബാരൺ പ്രസന്റ്സിൽ അതിഥിയായി പങ്കെടുക്കാൻ ആവശ്യപ്പെട്ടു. കിർക്ക് എന്റെ ക്ഷണം ആകാംക്ഷയോടെ സ്വീകരിച്ചു. പത്ത് ദിവസത്തിനുള്ളിൽ അദേഹം മിനസോട്ടയിലെ റോച്ചസ്റ്ററിലേക്ക് വരേണ്ടതായിരുന്നു.“- ബിഷപ്പ് ബാരൺ പറയുന്നു
“മരണ ശേഷം അദേഹം ഇപ്പോൾ ദൈവത്തോടൊപ്പം സമാധാനത്തോടെ വിശ്രമിക്കണമെന്ന് എന്നെപ്പോലെ തന്നെ ലോകമെമ്പാടുമുള്ള നിരവധി ആളുകൾ പ്രാർത്ഥിക്കുന്നുണ്ടെന്ന് വിശ്വസിക്കുകയാണ്“- ബിഷപ്പ് ബാരൺ പറഞ്ഞു.