റായ്പൂര്‍: ഛത്തീസ്ഗഡില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ വനിതാ മാവോയിസ്റ്റിനെ വധിച്ച് സുരക്ഷാ സേന. സുക്മ ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഒന്‍പത് കേസുകളിലെ പ്രതിയും അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന ബുസ്‌കി നുപ്പോണാണ് കൊല്ലപ്പെട്ടത്.
മൃതദേഹത്തിന്റെ സമീപത്ത് നിന്നും ഒരു റൈഫിളും, സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. വനപ്രദേശത്ത് നക്‌സലുകളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്നാണ് ഓപ്പറേഷന്‍ ആരംഭിച്ചത്. പ്രദേശത്ത് തിരച്ചില്‍ പുരോഗമിക്കുകയാണ്.
സെപ്റ്റംബര്‍ 18 ന് ഗുഫ്ഡിനും പെരമപാറക്കും ഇടയില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്നായിരുന്നു വിവരം. തുടര്‍ന്ന് ഛത്തീസ്ഗഡ് പൊലീസും സുരക്ഷാസേനയും സംയുക്തമായി ഓപ്പറേഷന്‍ നടത്തുകയായിരുന്നു. മലങ്കിര്‍ ഏരിയ കമ്മിറ്റിയിലെ അംഗമാണ് കൊല്ലപ്പെട്ട ബുസ്‌കി നുപ്പോണ്‍.