ന്യൂഡല്‍ഹി: എച്ച് 1 ബി വിസയ്ക്കുള്ള വാര്‍ഷിക ഫീസ് ഒരു ലക്ഷം ഡോളറായി ഉയര്‍ത്താനുള്ള അമേരിക്കന്‍ ഭരണകൂടത്തിന്റെ നടപടിയില്‍ പ്രതികരിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. യു.എസ് നടപടി കുടുംബങ്ങള്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ കാരണം മാനുഷിക പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കാന്‍ സാധ്യതയുണ്ടെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
വിസാ നിരക്കിലെ മാറ്റം ഞായറാഴ്ച നിലവില്‍ വരും. എച്ച് 1 ബി വിസ വിഷയവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ വ്യവസായ മേഖലയെ ഉള്‍പ്പെടെ ഈ നടപടി എങ്ങനെ ബാധിക്കുമെന്ന് പഠിച്ചുകൊണ്ടിരിക്കുകയാണ്. കണ്ടുപിടിത്തങ്ങളിലും സര്‍ഗ്ഗാത്മകതയിലും ഇന്ത്യയിലെയും യുഎസിലേയും വ്യവസായങ്ങള്‍ക്ക് വലിയ പങ്കാണ് ഉള്ളത്. അതിനാല്‍ മുന്നോട്ട് പോകാനുള്ള ഏറ്റവും മികച്ച മാര്‍ഗം കണ്ടെത്താന്‍ ഇരുകൂട്ടരും ചര്‍ച്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രാലയത്തിന്റെ കുറിപ്പിലുണ്ട്.
വിദഗ്ധരായ ആളുകളുടെ കൈമാറ്റവും അവരുടെ പ്രവര്‍ത്തനവും ഇന്ത്യയിലും യുഎസിലും സാങ്കേതിക വിദ്യാവികസനം, കണ്ടുപിടിത്തങ്ങള്‍, സാമ്പത്തിക വളര്‍ച്ച, മത്സരക്ഷമത, സമ്പത്ത് സൃഷ്ടിക്കല്‍ എന്നിവയ്ക്ക് വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അതിനാല്‍ തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധം ഉള്‍പ്പെടെയുള്ള പരസ്പര നേട്ടങ്ങള്‍ കണക്കിലെടുത്തായിരിക്കും നയരൂപീകരണ വിദഗ്ദ്ധര്‍ ഈ വിഷയത്തില്‍ തീരുമാനം എടുക്കുക എന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.