ദുബായ്: വിദ്യാഭ്യാസച്ചെലവ് വര്‍ധിച്ച് വരുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിനായി പുതിയ പദ്ധതി പ്രഖ്യാപിച്ച് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ). നിക്ഷേപകര്‍ക്ക് നൂതനമായ പ്രോത്സാഹന പദ്ധതികള്‍ അവതരിപ്പിക്കാനും ഗുണനിലവാരമുള്ള സ്‌കൂള്‍ വിദ്യാഭ്യാസം കൂടുതല്‍ പ്രാപ്യമാക്കുന്നതിന് സര്‍ക്കാര്‍ പിന്തുണയുള്ള പിന്തുണ നല്‍കാനുമാണ് വിദ്യാഭ്യാസ അതോറിറ്റി പദ്ധതിയിടുന്നത്.
ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന മുഹമ്മദ് ബിന്‍ റാഷിദ് ലീഡര്‍ഷിപ്പ് ഫോറം 2025 ല്‍ കെഎച്ച്ഡിഎ ഡയറക്ടര്‍ ജനറല്‍ ആയിഷ അബ്ദുള്ള മിറാന്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. എമിറേറ്റ്‌സില്‍ ഉടനീളമുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകളിലും രക്ഷാകര്‍തൃ സംഭാഷണങ്ങളിലും വിദ്യാഭ്യാസ ചെലവുകള്‍ വര്‍ധിച്ച് വരുന്നത് സംബന്ധിച്ച ആശങ്കകള്‍ പങ്കിട്ടിരുന്നത് പരിഗണിച്ചാണ് പുതിയ നീക്കം.
വിദ്യാഭ്യാസ ചെലവുകളെക്കുറിച്ചുള്ള വ്യാപകമായ ആശങ്കകള്‍ പൊതുചര്‍ച്ചകളില്‍ ആവര്‍ത്തിച്ചുവരുന്ന ഒരു വിഷയമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു. സ്‌കൂളുകളുടെ ഉയര്‍ന്ന ചെലവിനെക്കുറിച്ച് പരാമര്‍ശിക്കാതെ വിദ്യാഭ്യാസത്തെക്കുറിച്ച് പരാമര്‍ശിക്കാനാവില്ലെന്ന് പലരും തനിക്ക് സന്ദേശങ്ങള്‍ അയച്ചിരുന്നു. അതില്‍ ഒരു വിദേശി ഉള്‍പ്പെടെ ദുബായില്‍ തന്റെ കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് 10 ലക്ഷം ദിര്‍ഹമാണെന്ന് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ന്യായമായ ഫീസില്‍ നല്ല വിദ്യാഭ്യാസം നല്‍കുന്നതിന് പദ്ധതി തയ്യാറാക്കുക എന്നതില്‍ തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചുവെന്ന് മിറാന്‍ വ്യക്തമാക്കി.
ദുബായിയുടെ അക്കാദമിക് മികവിന്റെ പ്രശസ്തി നിലനിര്‍ത്തിക്കൊണ്ട് രക്ഷിതാക്കള്‍ക്ക് കൂടുതല്‍ വിദ്യാഭ്യാസ ഓപ്ഷനുകള്‍ സൃഷ്ടിക്കുന്നതിനായി രൂപകല്‍പന ചെയ്തിട്ടുള്ള ബഹുമുഖ സമീപനമാണ് നടപ്പിലാക്കുന്നതെന്ന് കെഎച്ച്ഡിഎ ഡയറക്ടര്‍ വിശദീകരിച്ചത്. വ്യത്യസ്തമായ വിദ്യാഭ്യാസ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി രൂപകല്‍പന ചെയ്തിരിക്കുന്ന ഒരു നയമാണ് പുതിയ തന്ത്രത്തിന്റെ കേന്ദ്ര ബിന്ദുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.