ടെൽ അവീവ്: ഇസ്രയേലിൽ വീണ്ടും ഹൂതി ആക്രമണം. തെക്കൻ ഇസ്രയേലിലെ എയ്‌ലത്ത് മേഖലയിൽ ഇന്നലെ രാത്രിയായിരുന്നു ആക്രമണം. 22 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. ഇസ്രയേൽ പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് കഴിഞ്ഞ രാത്രിയാണ് ഡ്രോൺ എയ്‌ലത്ത് നഗരത്തിൽ പ്രവേശിച്ചത്.
ആക്രമണ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കുന്നുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണെന്നും. ആക്രമണത്തിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്നും ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു.
ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഇറാൻ്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹൂതികൾ ഏറ്റെടുക്കുകയായിരുന്നു. വിജയകരമായ ഓപ്പറേഷനിൽ രണ്ട് ഡ്രോണുകൾ ശത്രുക്കളുടെ രണ്ട് ലക്ഷ്യങ്ങളിൽ പതിച്ചതായി ഹൂതി വക്താവ് യഹ്യ സരിയ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഡ്രോൺ ആക്രമണത്തിന്റെയും ഡ്രോൺ ഇടിച്ചിറങ്ങിയ പ്രദേശത്തിന്റെയും തത്സമയ ദൃശ്യങ്ങൾ ഇസ്രയേലി ടിവി സ്റ്റേഷനുകൾ പുറത്തുവിട്ടു. സംഭവ സ്ഥലത്ത് നിന്നും പുക ഉയരുന്നത് ദൃശ്യങ്ങളിൽ കാണാനാകും. വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രം കൂടിയാണ് എയ്‌ലത്ത് മേഖല എന്നതു കൊണ്ടു തന്നെ ഈ ആക്രമണം ഇസ്രയേലിന് കനത്ത തിരിച്ചടിയാണ്.