കീവ്: ഉക്രെയ്ൻ തലസ്ഥാനമായ കീവിൽ കനത്ത വ്യോമാക്രമണവുമായി റഷ്യ. 595 ഡ്രോണുകളും 48 മിസൈലുകളും ഉപയോഗിച്ച് റഷ്യ നടത്തിയ ആക്രമണത്തിൽ പന്ത്രണ്ട് വയസുകാരിയുൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. 600ലേറെ ഡ്രോണുകളാണ് റഷ്യ കീവിന് നേരെ പ്രയോഗിച്ചത്. മൂന്ന് വർഷത്തിലേറെ നീണ്ട റഷ്യൻ അധിനിവേശത്തിനിടെ ഏറ്റവും വലിയ ഏരിയൽ ആക്രമണമാണ് നടന്നത്.
ആശുപത്രികളും ഫാക്ടറികളും അടക്കമുള്ള കെട്ടിടങ്ങൾ ആക്രമണത്തിൽ തകർന്നതായി റിപ്പോർട്ടുകളുണ്ട്. കീവ് ലക്ഷ്യമാക്കി റഷ്യൻ സൈന്യം 595 ഡ്രോണുകളും 48 മിസൈലുകളും പ്രയോഗിച്ചുവെന്നും ഭൂരിഭാഗം ഡ്രോണുകളും മിസൈലുകളും വെടിവെച്ചിട്ടെന്നും ഉക്രെയ്ൻ അവകാശപ്പെട്ടു.
വ്യോമാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പോളണ്ട് വ്യോമപാത അടച്ചു. തങ്ങളുടെ വ്യോമാതിർത്തിയിൽ യുദ്ധ വിമാനങ്ങൾ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. നാറ്റോ രാജ്യങ്ങൾ ബാൾട്ടിക് മേഖലയിലെ പ്രതിരോധം ശക്തിപ്പെടുത്താൻ തീരുമാനിച്ചു. എന്നാൽ നാറ്റോ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളെ ആക്രമിക്കാൻ റഷ്യക്ക് ഉദേശ്യമില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് വ്യക്തമാക്കി.