കാബൂൾ: ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്ക് പിന്നാലെ ഒൻപത് മാസമായി അഫ്ഗാനിസ്ഥാനിൽ താലിബാൻ തടങ്കലിൽ കഴിഞ്ഞിരുന്ന യുഎസ് പൗരനെ മോചിപ്പിച്ചതായി അധികൃതർ. അമീർ അമീരി എന്ന വ്യക്തിയാണ് മോചിതനായത്. ഈ വർഷം താലിബാന്റെ തടങ്കലിൽ നിന്ന് മോചിതനാകുന്ന അഞ്ചാമത്തെ അമേരിക്കക്കാരനാണ് അമീർ അമീരി.
അമീരിയുടെ മോചനം ഉറപ്പാക്കുന്നതിൽ ഖത്തർ നടത്തിയ അക്ഷീണ നയതന്ത്ര ശ്രമങ്ങൾക്ക് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ നന്ദി രേഖപ്പെടുത്തി. അമീരിയെ തടങ്കലിൽ വച്ചതിന്റെ കാരണം വ്യക്തമല്ല. അദഹത്തെ അന്യായമായി തടവിലാക്കുകയായിരുന്നെന്ന് റൂബിയോ പറഞ്ഞു.
അഫ്ഗാനിസ്ഥാനിൽ ഇനിയും യുഎസ് പൗരന്മാർ തടങ്കലിൽ തുടരുന്നുണ്ടെന്നും അവരുടെ മോചനം ഉറപ്പാക്കാൻ ട്രംപ് ഭരണകൂടം പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും റൂബിയോ കൂട്ടിച്ചേർത്തു. അമീരി മോചിതനായതിന് ശേഷം ദോഹയിലേക്ക് യാത്രതിരിച്ചിരിക്കുകയാണ്. അവിടെ നിന്നാണ് അദേഹം യുഎസിലേക്ക് മടങ്ങുകയെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.