വിദേശ സിനിമകള്‍ക്ക് 100 ശതമാനം തീരുവ ഏര്‍പ്പെടുത്തി ട്രംപ്; ഇന്ത്യന്‍ സിനിമയ്ക്കും തിരിച്ചടി

വിദേശ സിനിമകള്‍ക്ക് 100 ശതമാനം തീരുവ  ഏര്‍പ്പെടുത്തി ട്രംപ്;  ഇന്ത്യന്‍ സിനിമയ്ക്കും തിരിച്ചടി

വാഷിങ്ടണ്‍: അമേരിക്കയ്ക്ക് പുറത്ത് നിര്‍മിക്കുന്ന എല്ലാ സിനിമകള്‍ക്കും 100 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

'ഒരു കുഞ്ഞിന്റെ കയ്യില്‍ നിന്ന് മിഠായി മോഷ്ടിക്കുന്നതു പോലെ നമ്മുടെ സിനിമാ നിര്‍മാണ മേഖലയെ മറ്റ് രാജ്യങ്ങള്‍ അമേരിക്കയില്‍ നിന്ന് മോഷ്ടിച്ചു' - സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ ട്രംപ് കുറിച്ചു.

കാലങ്ങളായി തുടരുന്നതും ഒരിക്കലും അവസാനിക്കാത്തതുമായ ഈ പ്രശ്നം പരിഹരിക്കുന്നതിനായാണ് അമേരിക്കയ്ക്ക് പുറത്ത് നിര്‍മിക്കുന്ന എല്ലാ സിനിമകള്‍ക്കും 100 ശതമാനം താരിഫ് ഏര്‍പ്പെടുത്തുന്നതെന്നും ട്രംപ് പറഞ്ഞു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബോളിവുഡിനും പ്രാദേശിക സിനിമകള്‍ക്കും ഏറ്റവും പ്രധാനപ്പെട്ട വിദേശ വിപണിയാണ് അമേരിക്ക. ഇന്ത്യന്‍ സിനിമകളുടെ വിദേശ ബോക്‌സ് ഓഫീസിലേക്ക് ഏകദേശം 35 ശതമാനം മുതല്‍ 40 ശതമാനം വരെ സംഭാവന ചെയ്യുന്നത് അമേരിക്കയാണ്.

പുതിയ നിയമങ്ങള്‍ പൂര്‍ണമായി നടപ്പിലാക്കുകയാണെങ്കില്‍ ടിക്കറ്റ് വിലയും വിതരണ ചിലവുകളും ഇരട്ടിയാകാന്‍ സാധ്യതയുണ്ട്. ഇത് പല ഇന്ത്യന്‍ സിനിമകളുടെ വിതരണത്തെ നഷ്ടത്തിലാക്കും. വരുമാനം കുറഞ്ഞ ചെറുകിട, ഇടത്തരം ബഡ്ജറ്റ് ചിത്രങ്ങള്‍ക്കാണ് ഏറ്റവും വലിയ പ്രതിസന്ധി ഉണ്ടാകാന്‍ പോകുന്നത്.

വിദേശ നിര്‍മിത ഗൃഹോപകരണങ്ങള്‍ക്കും ഗണ്യമായ നികുതി ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.