ഇസ്രയേൽ ഹമാസ് പോരാട്ടത്തിന് നാളെ രണ്ട് വർഷം; ട്രംപിന്റെ സമാധാന പദ്ധതിയിലുള്ള ചർച്ച ഇന്ന് ഈജിപ്തിൽ

ഇസ്രയേൽ ഹമാസ് പോരാട്ടത്തിന് നാളെ രണ്ട് വർഷം; ട്രംപിന്റെ സമാധാന പദ്ധതിയിലുള്ള ചർച്ച ഇന്ന് ഈജിപ്തിൽ

കെയ്റോ: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ട് വച്ച ഗാസ സമാധാന പദ്ധതിയുടെ ആദ്യഘട്ട ചർച്ച ഇന്ന് ഈജിപ്തിൽ നടക്കും. ബന്ദികളുടെ കൈമാറ്റമാണ് പ്രധാന അജണ്ട. ഖലീൽ അൽ ഹയ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹമാസിനായി ചർച്ചയിൽ പങ്കെടുക്കുന്നത്.

ട്രംപിന്‍റെ മരുമകൻ ജെറാർഡ് കുഷ്നെറും ചർച്ചയിലുണ്ട്. ഒന്നാം ഘട്ട ചർച്ച ഈ ആഴ്ച പൂർത്തിയാക്കണമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു.

നിലവിൽ ട്രംപിന്റെ 20 ഇന പദ്ധതിയിൽ ബന്ദി മോചനം, ആക്രമണം നിർത്തൽ, ഗാസയുടെ ഭരണകൈമാറ്റം എന്നീ വ്യവസ്ഥകൾ മാത്രമാണ് ഹമാസ് അംഗീകരിച്ചത്. മറ്റ് പല ഉപാധികളോടും ഹമാസിന് പൂർണ യോജിപ്പിമില്ല. ആയുധം വച്ച് കീഴടങ്ങാനും സമ്മതിച്ചിട്ടില്ല. ഗാസയുടെ ഭരണത്തിൽ പങ്കാളിയാകരുത് എന്ന നിർദേശത്തോടും പ്രതികരിച്ചിട്ടില്ല. ചർച്ച വേണമെന്ന നിലപാടിലാണവർ. സ്വതന്ത്ര പാലസ്തീൻ അനുവദിക്കില്ലെന്നാണ് ഇസ്രയേലിന്റെ നിലപാട്.

അതേസമയം ഇസ്രയേൽ ​ഗാസ യുദ്ധത്തിന് നാളെ രണ്ട് വർഷം തികയും. 2023 ഒക്ടോബർ ഏഴിന് രാവിലെ ഹമാസിൻ്റെ 5,000 റോക്കറ്റുകൾ ഇസ്രയേലിനെ പ്രഹരിച്ചതോടെയാണ് യുദ്ധം തുടങ്ങിയത്.

ഇസ്രയേലിലേക്ക് നുഴഞ്ഞു കയറിയ ഹമാസ് അംഗങ്ങൾ ആയിരത്തിലേറെ പേരെ കൊന്നു. നഗരങ്ങൾ കത്തിച്ചു. 251 പേരെ ഗാസയിലേക്ക് തട്ടിക്കൊണ്ടുപോയി. തുടർന്നാണ് ഇസ്രയേൽ ഗാസയിൽ ബോംബിംഗ് തുടങ്ങിയത്. ഹമാസിനെ ഇല്ലാതാക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറ‍‌ഞ്ഞിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.