കൊച്ചി: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം അന്വേഷിക്കാന്‍ ഹൈക്കോടതി പ്രത്യേക സംഘത്തെ നിയോഗിച്ചു. എഡിജിപി എച്ച്. വെങ്കിടേഷിനാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം. എസ്പി എസ്. ശശിധരന്റെ നേതൃത്വത്തിലാണ് അന്വേഷണം.
അഞ്ച് പേരാണ് അന്വേഷണ സംഘത്തിലുള്ളത്. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം. അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വിടരുതെന്നും കോടതി നിര്‍ദേശിച്ചു.
സംസ്ഥാന പൊലീസിലെ ഏറ്റവും സീനിയര്‍ ഉദ്യോഗസ്ഥരില്‍ ഒരാളാണ് എച്ച്. വെങ്കിടേഷ്. ഹൈക്കോടതിയുടെ തീരുമാനത്തെ സര്‍ക്കാര്‍ സ്വാഗതം ചെയ്തു. സ്വര്‍ണപ്പാളി വിവാദത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടിരുന്നു.
ശബരിമലയില്‍ നിന്ന് എന്തൊക്കെ വസ്തുക്കള്‍ കാണാതെ പോയി, ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ഇടപാടില്‍ ആരൊക്കെയുണ്ട്, നാല്‍പ്പത്തിരണ്ട് കിലോയുണ്ടായിരുന്ന സ്വര്‍ണപ്പാളി എങ്ങനെ കുറഞ്ഞു, വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് പങ്കുണ്ടോ എന്നടക്കം നിരവധി കാര്യങ്ങളില്‍ വ്യക്തത വരേണ്ടതുണ്ട്. പല ചോദ്യങ്ങള്‍ക്കും ദേവസ്വം ബോര്‍ഡിന് കൃത്യമായ മറുപടിയുണ്ടായിരുന്നില്ല.
ശബരിമലയില്‍ നിന്ന് 2019 ല്‍ സ്വര്‍ണം പൂശാന്‍ ചെന്നൈയില്‍ കൊണ്ടുപോയ ദ്വാരപാലക ശില്‍പങ്ങളിലെ പാളികള്‍ തിരികെ സന്നിധാനത്ത് സ്ഥാപിച്ചപ്പോള്‍ തയ്യാറാക്കിയ മഹസറിലും ദുരൂഹതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഇന്നലെ പുറത്തു വന്നിരുന്നു.
ശബരിമല ക്ഷേത്രത്തിലെ വിലപിടിപ്പുള്ള സമ്പത്തിന്റെ ഔദ്യോഗിക സംരക്ഷകനായ തിരുവാഭരണം കമ്മിഷണറോ, അവയുടെ ഗുണമേന്‍മയും അളവും സാക്ഷ്യപ്പെടുത്തേണ്ട ദേവസ്വം സ്മിത്തോ, നടപടിക്രമങ്ങള്‍ നിരീക്ഷിക്കേണ്ട വിജിലന്‍സ് ഉദ്യോഗസ്ഥനോ ഒപ്പുവച്ചിട്ടില്ല. ചെമ്പുപാളികളില്‍ പൂശാന്‍ ഉപയോഗിച്ച സ്വര്‍ണത്തിന്റെയും ചെമ്പിന്റെയും അളവും തൂക്കവും മൂല്യവും മഹസറില്‍ വിവരിച്ചിട്ടില്ലെന്നും പറയുന്നു.