ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായിക്ക് നേരെ അതിക്രമ ശ്രമം. കേസുകള്‍ പരാമര്‍ശിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസിന് നേരെ അഭിഭാഷകന്‍ ഷൂ എറിയാന്‍ ശ്രമിച്ചത്. പെട്ടന്നെത്തിയ സുരക്ഷാ ജീവനക്കാര്‍ ഇയാളെ തടഞ്ഞു.
സനാതന ധര്‍മത്തെ അപമാനിക്കുന്നത് ഇന്ത്യ സഹിക്കില്ലെന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടാണ് അഭിഭാഷകന്‍ ചീഫ് ജസ്റ്റിസിന് നേരെ ഷൂ ഏറിയാന്‍ ശ്രമിച്ചത്. എന്നാല്‍ ഇതൊന്നും തന്നെ ബാധിക്കില്ലെന്ന് ബിആര്‍ ഗവായ് പറഞ്ഞു.
സുപ്രീം കോടതിയിലെ ഒന്നാം നമ്പര്‍ മുറിയില്‍ കേസ് മെന്‍ഷന്‍ ചെയ്യുന്നതിനിടെയാണ് ഷൂ എറിയാന്‍ ശ്രമിച്ചത്. അവധിക്കാലത്തിന് ശേഷം കോടതി നടപടികള്‍ ഇന്നാണ് പുനരാരംഭിച്ചത്. അതിക്രമശ്രമം നടത്തിയ അഭിഭാഷകനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പൊലീസിന് കൈമാറി.
സുപ്രീം കോടതിയിലെ അഭിഭാഷകര്‍ക്കും ക്ലര്‍ക്കുമാര്‍ക്കും നല്‍കുന്ന ഒരു പ്രോക്‌സിമിറ്റി കാര്‍ഡ് ഷൂ എറിഞ്ഞയാളുടെ കൈവശമുണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. കിഷോര്‍ രാകേഷ് എന്നാണ് പ്രോക്‌സിമിറ്റി കാര്‍ഡില്‍ പേര്. ഇയാള്‍ യാഥാര്‍ത്ഥ അഭിഭാഷകനാണോ എന്ന സംശയവുമുണ്ട്.
ഖജുരാഹോയിലെ വിഷ്ണു വിഗ്രഹം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് അത് ദൈവത്തോട് പോയി പറയൂ എന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെ ചില ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇന്ന് ചീഫ് ജസ്റ്റിസിനെതിരെ കോടതിയില്‍ പ്രതിഷേധം ഉണ്ടായതെന്നാണ് അറിയുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം വന്നത്. മധ്യപ്രദേശിലെ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട ഖജുരാഹോ ക്ഷേത്ര സമുച്ചയത്തിന്റെ ഭാഗമായ ജവാരി ക്ഷേത്രത്തിലെ ഏഴ് അടി ഉയരമുള്ള വിഷ്ണു വിഗ്രഹം പുനര്‍നിര്‍മ്മിക്കുന്നതിനും പുനസ്ഥാപിക്കുന്നതിനും നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിയായിരുന്നു പരാമര്‍ശം.
ഛത്തര്‍പൂര്‍ ജില്ലയിലെ ജവാരി ക്ഷേത്രത്തില്‍ കേടുപാടുകള്‍ സംഭവിച്ച വിഗ്രഹം മാറ്റി സ്ഥാപിക്കാനും പ്രതിഷ്ഠ നടത്താനും ആവശ്യപ്പെട്ട് രാകേഷ് ദലാല്‍ എന്ന വ്യക്തി സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്. 'ഇത് പബ്ലിസിറ്റിക്കു വേണ്ടിയുള്ള കേസ് മാത്രമാണ്. പോയി ദൈവത്തോട് തന്നെ എന്തെങ്കിലും ചെയ്യാന്‍ പറയൂ. ഭഗവാന്‍ വിഷ്ണുവിന്റെ ഉറച്ച ഭക്തനാണെങ്കില്‍ നിങ്ങള്‍ പ്രാര്‍ത്ഥിക്കൂ' എന്നായിരുന്നു ചീഫ് ജസ്റ്റിസ് പറഞ്ഞത്.