സെബു: ഫിലിപ്പിന്‍സിലെ സെബുവിലും സമീപ പ്രവിശ്യകളിലും നാശം വിതച്ച ഭൂകമ്പത്തില്‍ നാശനഷ്ടങ്ങളുണ്ടായവര്‍ക്ക് സഹായ ഹസ്തവുമായി കത്തോലിക്ക സഭ. കത്തോലിക്കാ ബിഷപ്പുമാരുടെ മേല്‍നോട്ടത്തിലുള്ള സന്നദ്ധ സംഘടനായ കാരിത്താസ് ഫിലിപ്പീന്‍സാണ് സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലുള്ളത്. ശുദ്ധജല വിതരണം, പാർപ്പിട സാമഗ്രികൾ, അടിസ്ഥാന ആവശ്യങ്ങൾ എന്നിവ വിതരണം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ കാരിത്താസ് ആരംഭിച്ചു.
ഭൂകമ്പത്തില്‍ ദേവാലയങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും ഗുരുതരമായ നാശനഷ്ടങ്ങള്‍ സംഭവിച്ചു. പുരാതനമായ അഞ്ച് ഇടവകകൾക്ക് ഭാഗികമായി നാശനഷ്ടമുണ്ടായതായും സുരക്ഷിതമല്ലാത്ത പള്ളികളിൽ വിശുദ്ധ കുർബാനകൾ താൽക്കാലികമായി നിർത്തിവെച്ചതായും സെബു ആർച്ച് ബിഷപ്പ് ആൽബെർട്ടോ സി. ഉയ് അറിയിച്ചു. ഇടവകകളിലെ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പരിശോധനാ സംഘങ്ങളെ നിയോഗിച്ചിരിക്കുകയാണ്.
അൽമായർക്കായുള്ള കമ്മീഷൻ ദുരിതബാധിതർക്കായി ഭക്ഷണം, കുടിവെള്ളം, ശുചിത്വ കിറ്റുകൾ തുടങ്ങിയവ വിതരണം തുടങ്ങി. ലിയോ പതിനാലമൻ മാര്‍പാപ്പ അപ്പസ്‌തോലിക് നുണ്‍ഷ്യോ മുഖാന്തിരം അനുശോചനവും പ്രാര്‍ത്ഥനയും അറിയിച്ചു. ഭൂകമ്പത്തിന്റെ പശ്ചാത്തലത്തില്‍ ഫിലിപ്പീന്‍സിലെ കത്തോലിക്കാ ബിഷപ്പുമാരുടെ സമ്മേളനം ഒക്ടോബര്‍ ഏഴ് ദേശീയ പ്രാര്‍ത്ഥനയുടെയും പൊതു അനുതാപത്തിന്റെയും ദിനമായി പ്രഖ്യാപിച്ചു.
6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 68 പേര്‍ മരിക്കുകയും 80,000-ത്തിലധികം കുടുംബങ്ങളെ ബാധിക്കുകയും ചെയ്തിരുന്നു.